NEW DELHI : ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിലൊന്നാണ് ഇന്ത്യ. 1911-ൽ ആരംഭിച്ചതും മുതൽ ഇന്ത്യൻ ഏവിയേഷൻ മേഖല വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയിരുന്നു. 2020-ൽ 200 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന എയർലൈനുകളുള്ള മൂന്നാമത്തെ വലിയ സിവിലിയൻ വ്യോമയാന വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ.
എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഇന്ത്യൻ വ്യോമഗതാഗതം അടക്കിവാഴുന്ന പ്രമുഖ കമ്പനികൾ.
ഇതിൽ സ്പൈസ് ജെറ്റ് കുറച്ചുകാലമായി ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത് എന്നാണ് വാർത്തകൾ. സാമ്പത്തിക പ്രതിസന്ധികളും നിയമയുദ്ധങ്ങളും അവരുടെ പ്രവർത്തങ്ങൾ തടസ്സപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധികാരണം വാടക കുടിശ്ശിക കൊടുക്കാത്തതിനാൽ സ്‌പൈസ് ജെറ്റിനെതിരെ സെലസ്റ്റിയൽ ഏവിയേഷൻ, വില്ലിസ് ലീസ് ഫിനാൻസ്, വിൽമിംഗ്‌ടൺ ട്രസ്റ്റ്, എയർകാസിൽ ലിമിറ്റഡ് എന്നിവയുൾപ്പെടെ അവർക്കു വിമാനം വാടകയ്‌ക്കു കൊടുത്തീട്ടുള്ള കമ്പനിയുമായുള്ള നിയമ തർക്കങ്ങളും നടക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയുടെ കാലത്തു എല്ലാവരെയുംപോലെ സാമ്പത്തിക നഷ്ടം സ്പൈസ് ജെറ്റിനെയും സാരമായി ബാധിച്ചു. 2018-19ൽ 302 കോടി ആയിരുന്ന നഷ്ടം 2019-20ൽ 937 കോടിയായി ഉയർന്നു. തുടന്ന് 2020-21ൽ അത് 1,030 കോടിയായും 2021-22 ൽ 1,744 കോടിയായും 2022-23 ൽ 1,513 കോടിയായും ഉയർന്നു . എന്നാൽ 2023 ജൂൺ പാദത്തിൽ എയർലൈൻസ് 197.6 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ നിലവിൽ ഉള്ള ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നതിന് വേണ്ടുന്നതിലും കൂടുതൽ ജോലിക്കാരാണ് ഇപ്പോൾ കമ്പനിയിൽ ഉള്ളത്. ഇവരെ നിലനിർത്തിക്കൊണ്ടു മുന്നോട്ടുപോകുന്നതിനു അധകമായി വരുന്ന സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാത്തതിനാൽ 1000 പരം ജോലിക്കാരെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചു വിടാനാണ് സ്‌പൈസ് ജെറ്റ് തീരുമാനിച്ചിരിക്കുന്നത്.
ഏകദേശം 9000 ജീവനക്കാരാണ് സ്‌പൈസ് ജെറ്റിൽ ഉള്ളത്. അതിൽ നിന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 മുതൽ 15 ശതമാനം വരെ ജീവനക്കാരെ പിരിച്ചു വിടാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ എല്ലാ ഡിപ്പാർട്മെന്റുകളിലും പിരിച്ചുവിടൽ ബാധകമാകും എന്നാണ് അറിയുന്നത്. എന്നാൽ വ്യക്തമായ കണക്കു പറയാൻ ഇതുവരെയും കമ്പനി വൃത്തങ്ങൾ തയ്യാറായിട്ടില്ല..