ഫെബ്രുവരി 29 നു തങ്ങളുടെ എല്ലാവിധ ബാങ്കിങ് സർവിസുകൾ , ഡെപ്പോസിറ്റ് സ്വീകരിക്കൽ, ഫാസ് ടാഗ് സെർവിസുകൾ അങ്ങനെ എല്ലാം നിർത്തണമെന്ന് പേടിഎം പയ്മെന്റ്റ് ബാങ്കിന് കൊടുത്ത അന്ത്യശാസനമാണ് ഇപ്പോൾ RBI കുറച്ചുകൂടി സാവകാശം എന്ന നിലയിൽ മാർച്ച് 15 വരെ നീട്ടിയിരിക്കുന്നത്.
MUMBAI : ബദൽ ക്രമീകരണങ്ങൾ നടത്താൻ അൽപ്പം കൂടുതൽ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിൽ സാധാരണ ഉപഭോക്താക്കളുടെയും, വ്യാപാരികളുടെയും താൽപ്പര്യം കണക്കിലെടുത്ത്, നേരത്തെ ജനുവരി 31 ലെ നിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിർദ്ദേശങ്ങൾ പേടിഎമ്മിന് നൽകിയിരിക്കുന്നത്.
റിസേർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം 2024 മാർച്ച് 15 ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവയിൽ പലിശ, ക്യാഷ്ബാക്ക്, പങ്കാളി ബാങ്കുകളിൽ നിന്നുള്ള സ്വീപ്പ് അല്ലെങ്കിൽ റീഫണ്ട് എന്നിവ ഒഴികെ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ല.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലഭ്യമായ ബാലൻസ് വരെ യാതൊരു നിയന്ത്രണവുമില്ലാതെ പിൻവലിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം.
പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് പരിപാലിക്കുന്ന വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേടിഎം പേയ്മെന്റ് സർവീസസ് ലിമിറ്റഡ് എന്നിവയുടെ നോഡൽ അക്കൗണ്ടുകൾ 2024 ഫെബ്രുവരി 29 നകം അവസാനിപ്പിക്കും എന്നും പത്രക്കുറിപ്പ് പറയുന്നു.