ബൈജൂസിൽ വീണ്ടും ശനിദശയുടെ അപഹാരം
KOCHI : കുറേക്കാലമായി സാമ്പത്തിക പ്രതിസന്ധിയിൽ കിടന്നു നട്ടം തിരിയുന്ന ബൈജൂസ് ആപ്പിന് വീണ്ടും തിരിച്ചടിയായി കമ്പനിക്കുള്ളിൽ നിക്ഷേപകർ കലാപം തുടങ്ങിയെന്നാണ് പുറത്തുവരുന്ന പുതിയ വാർത്ത.
മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥിനെയും പുറത്താക്കാനായി കമ്പനിയിലെ മറ്റു നിക്ഷേപകർ പിന്നാമ്പുറ പണികൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.
ഇപ്പോൾ ബൈജൂസിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് കമ്പനി സ്ഥാപകരായ ബൈജുവിനെയും ഭാര്യയെയും മാറ്റിനിർത്തേണ്ടത് ആവശ്യമാണെന്ന തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ടു ബാൻഡിലെ ആറോളം പ്രമുഖ നിക്ഷേപകരാണ് അസാധാരണമായ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തിക ദുരുപയോഗം, ഭരണപരമായ മറ്റ് പ്രതിസന്ധികൾ പരിഹരിക്കാനും, ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുമാണ് നിക്ഷേപകരുടെ പ്രമേയം മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശങ്ങൾ.
കോവിഡ് പാൻഡെമിക് സമയത്ത് ഓൺലൈൻ എഡ്യൂക്കേഷൻ തരംഗം ഉയർന്നുവന്നപ്പോൾ അത് വേണ്ടരീതിയിൽ പ്രാവർത്തികമാക്കി മുന്നോട്ടു നീങ്ങിയ കമ്പനി 2020 അസൂയാവഹമായ കുതിപ്പാണ് മാർക്കറ്റിൽ നടത്തിയത്. ദ്രുതഗതിയിലുള്ള വികാസത്തിന്റെ ഭാഗമായി ഇന്ത്യയിൽ മാത്രമല്ല, യുഎസിലും നിരവധി എഡ്-ടെക് സ്റ്റാർട്ടപ്പുകളെ കമ്പനി ഏറ്റെടുക്കുകയും അങ്ങനെ തങ്ങളുടെ സാമ്രാജ്യം വളർത്തുകയും ചെയ്തു.
പക്ഷെ പിന്നീടുള്ള കാലം ബൈജൂസിനെ പിന്തുടർന്നത് നല്ല സംഭവങ്ങൾ ആയിരുന്നില്ല. മധുവിധു കാലം കഴിഞ്ഞപ്പോൾ ശനിദശയുടെ അപഹാരം കമ്പനിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു.
തുടക്കത്തിൽ കൈവരിച്ച അസാമാന്യ വളർച്ച അവരുടെ കണ്ണുതള്ളിക്കുകയും മാർക്കറ്റിങ് തന്ത്രങ്ങളിൽ സംഭവിച്ച പാളിച്ചകളും സാമ്പത്തിക അച്ചടക്കമില്ലയ്മയും കമ്പനിയെ തകർച്ചയിലേക്ക് നയിക്കാൻ തുടങ്ങി. 2021-ൽ ഇത് 1.2 ബില്യൺ ഡോളറിൻ്റെ കടക്കെണിയിലേക്കു കമ്പനിയെ കൊണ്ടുചെന്നാക്കി .
ഇത്രവലിയ കമ്പനിയായിട്ടും യഥാസമയം സാമ്പത്തിക റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതും, ശമ്പളം കൊടുക്കാനായി സ്വന്തം സ്വത്തുക്കൾ ബൈജുവിന് പണയപ്പെടുത്തേണ്ടി വന്നതും അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ഉതകുന്നതും മാർക്കറ്റ് വാല്യൂ താഴേക്ക് കുത്തിക്കുന്നതിനും കാരണമായി.
ഇങ്ങനെയുള്ള പലപല പ്രഹരങ്ങളും ഏറ്റുവാങ്ങി നിലയില്ലാ കയത്തിൽ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള ടോപ് മാനേജ്‍മെന്റ് അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഷെയർ ഹോൾഡർമാരുടെ പ്രമേയം കനത്ത പ്രഹരമായിരിക്കുന്നത്.
എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ബൈജൂസിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.