വിദേശങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ പുതിയ വെയർഹൗസിങ് സംവിധാനമായ 'ഭാരത് മാർട്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിയിൽ ഉദ്ഘാടനം ചെയ്തു. ചെറുകിട, ഇടത്തരം (MSEM) വിഭാഗം സംരംഭകർക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്.
DUBAI : 2025-ഓടെ ദുബായിയിൽ ഭാരത് മാർട്ട് പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചൈനയുടെ ഡ്രാഗൺ മാർട്ടിനുള്ള ഇന്ത്യൻ ബദലാണ് ഭാരത് മാർട്ട്.
ദുബായ് ഇൻ്റർനാഷണൽ സിറ്റിയുടെ സമീപത്തുള്ള രണ്ട് ഷോപ്പിംഗ് മാളുകളുടെ ഒരു കൂട്ടമാണ് ചൈനയുടെ ഡ്രാഗൺ മാർട്ട്. 1.2 കിലോമീറ്റർ നീളമുള്ള ഡ്രാഗൺ മാർട്ട് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ചൈനീസ് ചില്ലറ വ്യാപാര കേന്ദ്രമാണ്.
എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ സൂക്ഷിച്ചുവെയ്ക്കാനും പ്രദർശിപ്പിക്കാനും സഹായമേകുന്ന ഭാരത് മാർട്ട് വെയർഹൗസിങ് സൗകര്യം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ദുബായ് വിപണിയിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.