ബൈജൂസിൽ നിന്ന് രവീന്ദ്രൻ പുറത്താക്കപെടുമോ ?
കടുത്ത പ്രതിസന്ധികളെ നേരിടുന്ന ബൈജൂസിൽ പാളയത്തിൽ പട തുടങ്ങിയിട്ട് കുറച്ചു നാളായി. രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ ബോർഡിന്റെ കാര്യക്ഷമത കുറവും, അധികാര ദുർവിനയോഗവുമാണ് കമ്പനിയുടെ ശോഷിപ്പിനു കാരണമായതെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ബോർഡിലുള്ള ഒരുകൂട്ടം ആളുകൾ കമ്പനി ഇനി വീണ്ടും നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നിലവിലുള്ള ബൈജുവും കൂട്ടരെയും മാറ്റി ബോർഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടു കുറച്ചു നാളുകളായി.
ബൈജൂസിൻ്റെ ഓഹരിയുടമകളുടെ ഒരു കൺസോർഷ്യം ജൂലൈ, ഡിസംബർ മാസങ്ങളിൽ ഡയറക്ടർ ബോർഡിനോട് EGM കൂടുന്നതിനായി അഭ്യർത്ഥിച്ചെങ്കിലും ബൈജുവും കൂട്ടരും അത് അവഗണിക്കുകയാണ് ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി.
ഇപ്പോൾ ദുബായ് ആസ്ഥാനമായുള്ള ബൈജൂസിൻ്റെ റീസെല്ലറായ മോർ ഐഡിയാസ് ജനറൽ ട്രേഡിംഗ് എൽഎൽസിയിൽ നിന്ന് ഏകദേശം 1,400 കോടി രൂപ തിരിച്ചുപിടിക്കാനുണ്ടായിരുന്നത് നേടിയെടുക്കുന്നതിൽ മാനേജ്‌മെൻ്റ് പരാജയപ്പെട്ടത് ബൈജുവിൻ്റെയും കൂട്ടരുടെയും കഴിവില്ലായ്മയായി കരുതപ്പെടുന്നു.
മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണ അനുഭവമായി ഈ സംഭവം. കമ്പനിയുടെ നിക്ഷേപർ ഇനിയും ബൈജുവിനെ വച്ച് മുന്നോട്ടു കൊണ്ടുപോയാൽ തർച്ചയുടെ അളവ് കൂടുകയല്ലാതെ കുറയുകയില്ലെന്നും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷപെടുത്താൻ എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചു എന്ന ധാരണയിൽ എത്തിയിരിക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.
ബൈജുവിന് വീണ്ടും അടിതെറ്റുന്നു
ഈ സാഹചര്യത്തിലാണ് വരുന്ന ഫെബ്രുവരി 22-ന് എഡ്‌ടെക് കമ്പനി ഒരു അസാധാരണ പൊതുയോഗം (EGM) നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്നംഗ ബോർഡിനെ പുറത്താക്കാൻ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തുള്ളവർ തയ്യാറായിരിക്കുകയാണ്.
കമ്പനിയുടെ ഷെഡ്യൂൾഡ് വാർഷിക പൊതുയോഗം (AGM) ഒഴികെയുള്ള ഷെയർഹോൾഡർ മീറ്റിംഗാണ് ഇജിഎം.
ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകർ EGM നോട്ടീസിൽ അച്ചടക്കമില്ലായ്മ, ഏകാധിപത്യം, സാമ്പത്തിക ദുരുപയോഗം, പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അപാകത, കെടുകാര്യസ്ഥതകൾ എന്നിവ പരിഹരിക്കാനും ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനും നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു.
നിരാശരായ നിക്ഷേപകരെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചകളൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. കമ്പനിയുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി ബോർഡിൽ രണ്ട് സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കാൻ ബൈജൂസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2023 സാമ്പത്തിക വർഷത്തെ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഈ നിയമനം നടത്തുകയുള്ളൂ എന്ന തീരുമാനത്തോട് ഏതുഭാഗത്തിനു താല്പര്യം ഇല്ലെന്നാണ് അറിവ്.
നിലവിലുള്ള പ്രതിസന്ധികളിൽ തുടർ നടപടികൾ എന്തായിത്തീരും എന്ന് ഫെബ്രുവരി 22 നടക്കാനിരിക്കുന്ന യോഗത്തിനു ശേഷം അറിയാം.
ബൈജൂസ്, പേടിഎം ജീവനക്കാർ പുതിയ ജോലി തേടുന്നു ?