ബൈജൂസിന് ഇന്ന് നിർണായകദിനം
ഒരുകാലത്തു എഡ്യു ടെക് ഭീമനായിരുന്ന ബൈജൂസ് ഇന്ന് പ്രതിസന്ധികളിൽ കിടന്നു നട്ടം തിരിയുന്ന വാർത്തകളാണ് ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്.
പ്രശ്നങ്ങളിൽ നിന്ന് വീണ്ടും പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്ന ബൈജൂസിന് മുന്നിൽ കൂനിന്മേൽ കുരു എന്ന തരത്തിലാണ് പുതിയ ഓരോരോ പ്രശ്നങ്ങളും വന്നു പതിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് ഫെബ്രുവരി 23 ന് ബൈജൂസിന്റെ ഇൻവെസ്റ്റെർസ് മീറ്റ് ഉണ്ടന്നാണ് അറിയുന്നത്. പ്രതിസന്ധികളിൽ നിന്നും കരകയറാൻ ബൈജുവിനും നിലവിലുള്ള മാനേജ്‍മെന്റിനും കഴിയുന്നില്ല എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ കമ്പനിയെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അന്തിമ തീരുമാനം എടുക്കാനാണ് യോഗം കൂടുന്നത്.
വളരെ നിർണായകമാണ് ഇന്നത്തെ യോഗം. ബൈജുവിനെയും കൂട്ടരെയും പുറത്താക്കി പുതിയ കാര്യക്ഷമമായ ഒരു മാനേജ്‌മന്റ് കൊണ്ടുവരിക എന്നതാണ് നിക്ഷേപക യോഗം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രധാന അജണ്ട തന്നെ കഴിവുകെട്ട ബൈജുവിനെ പുറത്താക്കുക എന്നത് തന്നെയാണ്.
ഈ പ്രശ്ങ്ങളിൽ കിടന്നു നട്ടം തിരിയുമ്പോഴാണ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. ഈ ആവശ്യം അംഗീകരിച്ചു ലുക്ക് ഔട്ട് നോട്ടിസ് കൂടി വന്നാല്‍ ബൈജുവിനെ സംബന്ധിച്ചിടത്തോളം അത് കനത്ത പ്രഹരമാകും. വിദേശയാത്രകളും മറ്റും തടയപ്പെടും. ഒരു കാര്യത്തിനും ഇന്ത്യ വിട്ട് പുറത്തുപോകാനാകില്ല. ബൈജൂസിന്റെ സാമ്രാജ്യം ഇന്ത്യക്കു പുറത്തും വ്യാപിച്ചു കിടക്കുന്നുണ്ട്. നിരവധി ബ്രാഞ്ചുകൾ വിദേശ രാജ്യങ്ങളിൽ ബൈജൂസിന് ഉണ്ട്.
അതോടൊപ്പം ചെലവ് ചുരുക്കലിന്റെ ഭാഗമായി ബംഗളൂരുവിലെ പ്രസ്റ്റീജ് ടെക് പാർക്കിലുള്ള ഓഫീസ് ഒഴിയാൻ തീരുമാനിച്ചിരിക്കുന്നത് കമ്പനിയുടെ പ്രതിസന്ധിയുടെ രൂക്ഷത വർധിപ്പിച്ചു കാട്ടുന്നു. അതോടൊപ്പം തന്നെ മറ്റു പല ഓഫീസുകളും വാടക കുടിശ്ശിക കൊടുക്കാത്തതിനാൽ ഒഴിയാൻ ഉടമകൾ വക്കീൽ നോട്ടീസ് അയച്ചതായും വാർത്തകൾ വരുന്നുണ്ട്.
അതുപോലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി കമ്പനിയുടെ അവകാശ ഓഹരികൾ വിൽക്കാനുള്ള നീക്കവും വേണ്ടത്ര ഫലം കാണുന്നില്ല. മുമ്പ് ഏകദേശം 1.83 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന ബൈജൂസിന് നിലവില്‍ നിക്ഷേപകര്‍ കല്‍പ്പിക്കുന്ന മൂല്യം ഏകദേശം 2,000 കോടി രൂപ മാത്രമാണ് എന്നത് കമ്പനിയുടെ വളർച്ചയുടെ ഗ്രാഫ് എത്രത്തോളം താഴുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.
ഇങ്ങനെ പ്രശ്ങ്ങൾ പരിഹരിക്കാനാവാത്ത പെയ്തിറങ്ങുമ്പോൾ ഇന്ന് നടക്കുന്ന നിക്ഷേപകരുടെ യോഗത്തിനു ശേഷം അറിയാം മലയാളി എഡ്യു ടെക്ട് രാജാവായ ബൈജു രവീന്ദ്രന്റെയും ബൈജൂസ് ഗ്രുപ്പിന്റെയും ഭാവി എന്താകുമെന്ന്. ബൈജൂസിൽ നിന്ന് ബൈജു പുറത്താക്കുമോ? കാത്തിരുന്ന് കാണാം.