സ്വർണത്തിൻെറ ഉപയോഗവും നിക്ഷേപവും - ഒരെത്തിനോട്ടം
നമ്മൾ ഭാരതീയർക്ക് സ്വർണത്തിനോടുള്ള പ്രിയം വളരെ കൂടുതലാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. വിവാഹങ്ങൾക്കും മറ്റു ആഘോഷങ്ങൾക്കും ആയി സ്വർണത്തിൻെറ ഉപയോഗവും പ്രദർശനവും നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇതിൻെറ ഉപയോഗവും ആസക്തിയും എത്ര വലുതാണെന്ന കാര്യം ഒരു പരസ്യമായ രഹസ്യമാണ്.
വീട്ടിൽ ഒരു വിവാഹം നടന്നാൽ വധുവിൻെറയും അവളുടെ വീട്ടുകാരുടെയും നിലയും വിലയും മറ്റുള്ളവർ അളക്കുന്നത് വധുവിന് കൊടുക്കുന്ന സ്വർണത്തിൻെറ അളവിലാണ്. വിവാഹ ദിവസവും പിന്നീടുള്ള കുറെ നാളുകളിലും വധുവിനെ മറ്റുള്ളവരുടെ മുന്നിൽ സ്വർണത്തിൽ കുളിപ്പിച്ച് അണിയിച്ചു നിർത്തുന്നത് കുടുംബക്കാർക്ക് ഒരു അഭിമാനമാണ് . ഇന്നും അതിനു വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല.
ഇന്നത്തെ തലമുറയിൽ പണ്ടത്തെപ്പോലെ സ്വർണം വലിച്ചുവാരി അണിയുന്നതിനോടുള്ള താല്പര്യം കുറവായി കാണുന്നുണ്ട്. അഥവാ ഉണ്ടെങ്കിൽത്തന്നെ അത് പഴയ കാരണവന്മാരെ ബോധിപ്പിക്കാനായി ആഘോഷങ്ങളിലും മറ്റും കുറച്ചൊക്കെ ഉപയോഗിച്ചാൽ അത്രയായി.
ഇന്ന് കൂടുതലും ആളുകൾ സ്വർണത്തെ ഒരു നിക്ഷേപമായിട്ടാണ് കാണുന്നത്. അതിനു കാരണങ്ങൾ പലതാണ്. സ്വർണത്തിനു ഇന്ന് വിപണിയിൽ വില കുതിച്ചുകയറുന്നതാണ് അതിനെ ഒരു നിക്ഷേപ സ്രോതസായി കാണാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നതിൻെറ മുഖ്യ കാരണം. പണമായി ബാങ്കുകളിലും മറ്റും നിക്ഷേപിച്ചാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം ഇവിടെ കിട്ടുമെന്ന ബോധ്യമാണ് പലരെയും സ്വർണ നിക്ഷേപത്തിനായി പ്രേരിപ്പിക്കുന്നത്.
അതുപോലെതന്നെ പെട്ടന്ന് പണത്തിനു ആവശ്യം വന്നാൽ മറ്റുള്ളവരോട് കടം ചോദിക്കുന്നതിലും ബാങ്കിൽ ലോണിന് പോകുന്നതിലും എളുപ്പമായി കയ്യിലുള്ള സ്വർണം പണയം വെച്ചു പെട്ടന്നുള്ള ആവശ്യം നടത്താനാകും. ഈ ബോധ്യവും ഒരു കരുതൽ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിവെയ്ക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു.
ആഘോഷങ്ങളിൽ ഉപയോഗിക്കാനായാലും വരുംകാല നിക്ഷേപമായി സൂക്ഷിക്കുന്നതിനായാലും ശരി നിത്യജീവിതത്തിൽ സ്വർണം ഒരു അഭിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ശരാശരി 250 മുതൽ 300 കിലോവരെ സ്വർണം ദിനംപ്രതി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപതിയിലാണ് ഇന്ത്യ. പ്രതിവർഷം 700 മുതൽ 800 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
സാധാരണയായി എല്ലാവരും സ്വർണാഭരണങ്ങൾ വാങ്ങി സൂക്ഷിച്ചു വെയ്ക്കുക പതിവാണ്. ഇങ്ങനെചെയ്യുന്നതുകൊണ്ട് ഗുണങ്ങൾ രണ്ടാണ് ഉള്ളത്. ആഘോഷങ്ങൾക്ക് മോടികൂട്ടാൻ അത് ധരിക്കുകയും ചെയ്യാം അതുപോലെ നിക്ഷേപമായി കരുതിവെയ്ക്കുകയും ചെയ്യാം. ഇതുപോലെ സ്വർണം നിക്ഷേപം മാത്രമായി കരുതുന്നവർ അത് ആഭരങ്ങളല്ലാതെ നാണയങ്ങളായും ബാറുകളായും വാങ്ങി സൂക്ഷിക്കുകയും ചെയ്യുക പതിവാണ്.
പക്ഷെ ഒരുകാര്യം ഇവിടെ ഓർക്കേണ്ടതായുണ്ട്. സ്വർണാഭരണങ്ങളും മറ്റും വാങ്ങുമ്പോൾ അതിൻെറ പണിക്കൂലിയായും മറ്റുപല ചിലവുകൾക്കായും 10 ശതമാനം മുതൽ 25 ശതമാനവും ചിലപ്പോൾ അതിൽക്കൂടുതലും ജ്വല്ലറിക്കാർ ഈടാക്കാറുണ്ട്. അതുപോലെ തന്നെ ഈ സ്വർണം നാളെ ഒരു ആവശ്യം വരുമ്പോൾ വിൽക്കേണ്ടി വന്നാൽ ഒരിക്കലും വാങ്ങിയ വിലയിൽ കൂടുതൽ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ല. വാങ്ങുന്ന സമയത്തു പലപേരിലും അധിക വില ഈടാക്കുന്നതുപോലെ തന്നെ വിൽക്കുന്ന സമയത്തും പലപേരിലും വില കുറയ്ക്കാനും ജ്വല്ലറിക്കാർ ശ്രമിക്കും. കൂടാതെ ഇന്ന് ദിനംപ്രതി സ്വർണത്തിൻെറ മാർക്കറ്റ് വിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും പെട്ടന്നുള്ള ആവശ്യത്തിന് അത് വിൽക്കേണ്ടിവന്നാൽ ഉപഭോക്താവിന് നഷ്ടം സംഭവിക്കുന്ന കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. ലാഭം കിട്ടാൻ നിലവിലെ വില വാങ്ങിയ വിലയിൽ കൂടുതൽ ആകുന്നതുവരെ കാത്തിരിക്കേണ്ടതായും വരാം.
വേറൊരു കാര്യം സ്വർണം വാങ്ങിയ അതെ കടയിൽ തന്നെ നിങ്ങൾ അത് വിൽക്കാൻ നോക്കണം എന്നതാണ്. കാരണം അവരവർ വിറ്റ മുതലേ ഇന്ന് ഒട്ടുമിക്ക കടക്കാരും തിരിച്ചു വാങ്ങുകയുള്ളു. മറ്റുള്ളവരുടെ സ്വർണം മിക്കവാറും കടക്കാർ എടുക്കാൻ തുനിയാറില്ല. അഥവാ വാങ്ങിയാൽ തന്നെ വില ഒരുപാടു കുറയ്ക്കാനുള്ള സാധ്യതയും ഉണ്ട്. അതിനു അവർക്കു അവരുടേതായ പല ന്യായങ്ങളും പറയാനുണ്ടായിരിക്കും. സ്വർണം വിൽക്കാൻ നിങ്ങൾ വാങ്ങിയ കടയിൽ തന്നെ ചെല്ലുമ്പോൾ വേണമെങ്കിൽ കടക്കാരന് നിങ്ങൾക്കു ഒരുപക്ഷെ നേരത്തെ പറഞ്ഞ വിൽക്കുമ്പോഴുണ്ടാകുന്ന വില നഷ്ടങ്ങളിൽ കുറെ പരിഹരിച്ചു തരാൻ കഴിഞ്ഞേക്കാം.
ഇനിയുള്ള പ്രധാനപ്പെട്ട കാര്യം വാങ്ങുന്ന സ്വർണത്തിൻെറ പരിശുദ്ധിയെപ്പറ്റിയുള്ളതാണ്. സ്വർണത്തിൻെറ പരിശുദ്ധിയുടെ അളവുകോലാണ് കാരറ്റ്. 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് സ്വർണമാണ് ഇന്ന് നമ്മുടെ നാട്ടിൽ പ്രചരിക്കുന്നത്. 18 കാരറ്റ് സ്വർണം എന്ന് പറഞ്ഞാൽ അതിൽ 75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹസങ്കരങ്ങളും കൂടിയതാണ്. 22 കാരറ്റ് സ്വർണം 92 ശതമാനം സ്വർണവും ബാക്കി 8 ശതമാനം മാത്രം ലോഹസങ്കരങ്ങളും കൂടിയതാണ്. ശുദ്ധമായ സ്വർണത്തേക്കാൾ മൃദുവും ഈടുനിൽക്കുന്നതുമാണിത്. ഇന്ന് സാധാരണയായി ആഭരണങ്ങൾ 22 കാരറ്റിലാണ് ഉണ്ടാക്കുന്നത്. 100 ശതമാനവും പരിശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. ഇത് മികച്ചതും പരിശുദ്ധവുമായ സ്വർണമാണെങ്കിലും പെട്ടന്ന് വളയാനും ഒടിയാനുമുള്ള സാധ്യത കൂടുതലായതിനാൽ നിത്യോപയോഗത്തിനു നന്നല്ല.
ഇന്നത്തെ സാഹചര്യത്തിൽ സ്വർണം സൂക്ഷിച്ചു വെക്കുക എന്നതു ഭാരിച്ച ഉത്തരവാദിത്തമുള്ള കാര്യമാണ്. വീട്ടിൽ സ്വർണം വെച്ചുസൂക്ഷിക്കാനുള്ള പേടികൊണ്ടു അത് ബാങ്ക് ലോക്കറിൽ സൂക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. ഇങ്ങനെ സൂക്ഷിക്കുന്നതിന് ഒരു നിശ്ചിത തുക ലോക്കർ ചാർജായി ബാങ്കിനും മറ്റും നല്കേണ്ടിവരുന്നുണ്ട്. വാങ്ങിയ സാധനം സൂക്ഷിച്ചു വെക്കുന്നതിനു മാസം തോറും ഒരു തുക ചിലവാക്കുക എന്നത് ഒരു അധിക ബാധ്യതയാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും അനശ്ചിതത്വം നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വർണത്തെ കാണുന്നു. ബാങ്കുകളിൽ തങ്ങളുടെ പണം സുരക്ഷിതമാണെന്ന സാധാരണക്കാരൻെറ വിശ്വാസത്തിനു ഭംഗം സംഭവിച്ച കാഴ്ചയാണ് കഴിഞ്ഞ വർഷം നാം സാക്ഷ്യം വഹിച്ചത്. PMC ബാങ്കിന് സംഭവിച്ചതിൽ നിന്നും കണ്ടത് അതാണല്ലോ. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ ഇട്ടാൽ ഏതുസമയത്തും ആവശ്യം വന്നാൽ ഉപകരിക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഇവിടെ തകർന്നത്.
ഈ സാഹചര്യത്തിലാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുക എന്ന ചിന്ത അടുത്തകാലത്തായി സാധാരണക്കാർ കൂടുതലായി ചിന്തിക്കാൻ തുടങ്ങിയത്. പെട്ടന്ന് ആവശ്യം വന്നാൽ സ്വർണം ഉണ്ടെങ്കിൽ ബാങ്കിൽ കൊണ്ടുവച്ചു പണം നേടാം. ഓഹരിയിലോ, റിയൽ എസ്റ്റേറ്റിലോ അതുപോലെ മറ്റെന്തിലായാലും നിക്ഷേപിച്ചാൽ പെട്ടന്നുള്ള ആവശ്യം വന്നാൽ വിറ്റുകാശാക്കാൻ കാലതാമസം സംഭവിക്കും. മാത്രമല്ല ഓഹരിയിലും റിയൽ എസ്റ്റേറ്റിലും അടുത്തകാലത്തുണ്ടായ വിലയിടിവും മാന്ദ്യവും കണ്ട സാധാരണക്കാരൻ നിക്ഷേപം സ്വർണത്തിലായാൽ നിമിഷങ്ങൾകൊണ്ട് വിറ്റോ കടമായോ അത്യാവശ്യത്തിനു പണം കിട്ടുമെന്ന തിരിച്ചറിവിൽ നിന്നാണ് കരുതൽ നിക്ഷേപമായി സ്വർണത്തെ കാണാൻ തുടങ്ങിയത്.
സാധാരണയായി ജനങ്ങൾ ആഭരണങ്ങളായും നാണയമായും ബാറുകളായും ആണ് സ്വർണ നിക്ഷേപങ്ങൾ നടത്തുന്നത്. ഇതുകൂടാതെയുള്ള വിവിധ തരം നിക്ഷേപ പദ്ധതികൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ന് താഴെക്കിടയിലുള്ളവർ പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ സ്വർണവും മറ്റു ആഭരങ്ങളും വാങ്ങുന്നത് സാധാരണയായി ജ്വല്ലറിക്കാർ നടത്തുന്ന സ്വർണ ചിട്ടികളിലൂടെയാണ്. ഒരു നിശ്ചിത തുക തവണകളായി അടച്ചു ഒരു വർഷമോ അതുപോലുള്ള അനുബന്ധ സമയങ്ങളിലോ അടച്ചതുകക്കുള്ള സ്വർണാഭരണങ്ങളോ നാണയമോ വാങ്ങാം. ഇങ്ങനെ വാങ്ങുമ്പോൾ ഒരു നിശ്ചിത തുകയ്ക്കുള്ള സ്വർണം കൂടുതലായി ജ്വല്ലറിക്കാർ കൊടുക്കാറുണ്ട്. സാധാരണക്കാർക്ക് മറ്റുള്ള നിക്ഷേപ പദ്ധതികൾ അത്രമാത്രം അറിയാത്തതിനാൽ ഇത്തരം പദ്ധതികളിലാണ് അവർ കൂടുതലും നിക്ഷേപം നടത്തുക. പക്ഷെ ഇത് എത്രത്തോളം വിശ്വസനീയം ആണെന്നത് നോക്കേണ്ടതുണ്ട്. കാരണം അടുത്തകാലത്തായി ഇത്തരം നിക്ഷേപങ്ങളിൽ കാലാവധി ആകുമ്പോൾ പണമോ സ്വർണമോ കൊടുക്കാതെ ഉടമകൾ മുങ്ങിയ കഥകൾ ഒരുപാടുണ്ട്. അതിനാൽ ഇത്തരം നിക്ഷേപങ്ങൾ നടത്തുമ്പോൾ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിൻെറ വിശ്വാസ്യതയും മറ്റും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ നഷ്ടം സംഭവിക്കാം.
ഇന്ന് താഴെക്കിടയിലുള്ളവർ പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ സ്വർണവും മറ്റു ആഭരങ്ങളും വാങ്ങുന്നത് സാധാരണയായി ജ്വല്ലറിക്കാർ നടത്തുന്ന സ്വർണ ചിട്ടികളിലൂടെയാണ്. ഒരു നിശ്ചിത തുക തവണകളായി അടച്ചു ഒരു വർഷമോ അതുപോലുള്ള അനുബന്ധ സമയങ്ങളിലോ അടച്ചതുകക്കുള്ള സ്വർണാഭരണങ്ങളോ നാണയമോ വാങ്ങാം. ഇങ്ങനെ വാങ്ങുമ്പോൾ ഒരു നിശ്ചിത തുകയ്ക്കുള്ള സ്വർണം കൂടുതലായി ജ്വല്ലറിക്കാർ കൊടുക്കാറുണ്ട്. സാധാരണക്കാർക്ക് മറ്റുള്ള നിക്ഷേപ പദ്ധതികൾ അത്രമാത്രം അറിയാത്തതിനാൽ ഇത്തരം പദ്ധതികളിലാണ് അവർ കൂടുതലും നിക്ഷേപം നടത്തുക. പക്ഷെ ഇത് എത്രത്തോളം വിശ്വസനീയം ആണെന്നത് നോക്കേണ്ടതുണ്ട്. കാരണം അടുത്തകാലത്തായി ഇത്തരം നിക്ഷേപങ്ങളിൽ കാലാവധി ആകുമ്പോൾ പണമോ സ്വർണമോ കൊടുക്കാതെ ഉടമകൾ മുങ്ങിയ കഥകൾ ഒരുപാടുണ്ട്. അതിനാൽ ഇത്തരം നിക്ഷേപങ്ങൾ നടത്തുമ്പോൾ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിൻെറ വിശ്വാസ്യതയും മറ്റും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ നഷ്ടം സംഭവിക്കാം.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (Gold ETF) ആണ് ഇതിൽ മറ്റൊന്ന്. ഒരുതരത്തിൽ പറഞ്ഞാൽ സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ ആണിത്. യൂണിറ്റുകൾ ആയി വാങ്ങി സൂക്ഷിക്കാൻ കഴിയും. ഒരു ഡീമാറ്റ് അക്കൗണ്ട്, ട്രേഡിങ്ങ് അക്കൗണ്ട് തുറന്നു സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇത് വാങ്ങാവുന്നതാണ്. ഇത് വാങ്ങുന്നതിനും വിൽക്കുന്നതിനും നിങ്ങൾക്കു ബ്രോക്കറേജ് ഫീസ്, ഫണ്ട് മാനേജുമെൻറ് ചാർജ് എന്നിവ നൽകേണ്ടതായി വരും. ഇതെല്ലാം കൂടി കൂട്ടി നോക്കുമ്പോൾ നിലവിലുള്ള മാർക്കറ്റ് വിലയേക്കാൾ കൂടുതലായിരിക്കും ഇങ്ങനെ വാങ്ങുന്ന സ്വർണത്തിൻെറ വില.
പരമാധികാര സ്വർണ്ണ ബോണ്ടുകൾ (Sovereign Gold Bonds) ആയും സ്വർണം നിക്ഷേപിക്കാവുന്നതാണ്. ഭാരത സർക്കാരും റിസർവ് ബാങ്കും ചേർന്ന് നടത്തുന്നതാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഇതിലൂടെ സർട്ടിഫിക്കറ്റ് രൂപത്തിൽ സ്വർണം സ്വന്തമാക്കാം. സ്വർണ സമ്പാദ്യം ഒരു മുതൽക്കൂട്ടായി കാണുന്നവർക്കു ഇത് നല്ലതാണെന്നു പറയപ്പെടുന്നു. മിനിമം ഒരു ഗ്രാം വാങ്ങണം എന്നതാണ് കണക്കു. ഒരു ഗ്രാം സ്വർണത്തിൻെറ യൂണിറ്റുകൾ ആയോ അതിൻെറ ഗുണിതങ്ങളായോ ബോണ്ടുകൾ വാങ്ങി സൂക്ഷിക്കാവുന്നതാണ്. 8 വർഷത്തെ കാലാവധിയാണ് ഇതിനുള്ളത്. ഡിജിറ്റൽ ആയി പേയ്മെൻറ് ചെയ്യുന്നത് വഴി വിലയിൽ ചെറിയ കുറവും ഇതിനു ലഭിക്കും. വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഇതിൻെറ ചെലവ് നാമമാത്രമാണ്. ബാങ്കുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, തിരഞ്ഞെടുത്ത പോസ്റ്റോഫീസുകൾ വഴിയും ഇത് വാങ്ങാം.
നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് (NSEL) ആണ് സ്വർണത്തിൻെറ പുതിയ അവതാരമായ ഇ-ഗോൾഡ് ആരംഭിച്ചത്. സ്വർണം നിക്ഷേപമായി കാണുന്നവർക്കു ഈ-ഗോൾഡ് സ്കീം നല്ലതാണു. സാധാരണ ഷെയർ വാങ്ങുന്നതുപോലെ ഡീമാറ്റ് അക്കൗണ്ട് വഴി ഇത് വാങ്ങാനാവുകയില്ല. NSEL ഡീലർ വഴി ഇത് വാങ്ങാൻ കഴിയും. വേണമെന്ന് തോന്നുമ്പോൾ ഇത് ഷെയർ വിറ്റുകാശാക്കുന്നതുപോലെ പണമാക്കി മാറ്റാവുന്നതുമാണ്.
വീടുകളിലും മറ്റും ഉപയോഗിക്കാതെ വെച്ചിരിക്കുന്ന നിഷ്ക്രിയ സ്വർണം നിക്ഷേപിക്കാനുള്ളതാണ് എസ് ബി ഐ യുടെ Revamped Gold Deposit Scheme (R-GDS) എന്ന സ്വർണ നിക്ഷേപ പദ്ധതി. ഇത് പ്രകാരം നിക്ഷേപകർക്കു അവരുടെ ഉപയോഗിക്കാതിരുന്ന സ്വർണാഭരണങ്ങൾ, നാണയങ്ങൾ, സ്വർണ ബാറുകൾ ഒരു വർഷം മുതൽ 15 വർഷം വരെയുള്ള കാലാവധിയിൽ ഷോർട്ട് , മീഡിയം, ലോങ്ങ് അനുപാതത്തിൽ നിക്ഷേപിക്കാൻ കഴിയും. കുറഞ്ഞത് 30 ഗ്രാം മുതൽ മുകളിലോട്ടു എത്ര വേണമെങ്കിലും ഈ പദ്ധതിപ്രകാരം നിക്ഷേപിക്കാൻ കഴിയും. ഇങ്ങനെ നിക്ഷേപിക്കുന്ന സ്വർണത്തിനു സുരക്ഷയും ഒരു നിശ്ചിത ശതമാനം പലിശയും കിട്ടും.
സ്വർണത്തിൻെറ കൃത്യമായ മൂല്യനിർണയത്തിൻെറ ഔദ്യോഗിക രേഖയാണ് ഹാൾമാർക്. സ്വർണത്തിൻെറ പരിശുദ്ധിയുടെ മുദ്രയാണിത്. ഇന്ത്യയുടെ ദേശീയ മാനദണ്ഡ സംഘടനയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS) നിശ്ചയിച്ചിട്ടുള്ള ഒരു കൂട്ടം മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്വർണത്തിൻെറ പരിശുദ്ധി നിർണയിക്കുന്നത്. ഇതുവഴി വാങ്ങുന്ന സ്വർണത്തിൻെറ മൂല്യനിർണയം, അതായത് എത്ര കാരറ്റിലാണ് സ്വർണം എന്നതും വിൽക്കുന്ന സ്ഥാപനത്തിൻെറ അടയാളവും മറ്റും വിൽക്കുന്ന സ്വർണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം. നിലവിലുള്ള BIS സെൻററുകളിൽ നിന്നും അതിൻെറ നിയമങ്ങൾ അനുസരിച്ചു ജ്വല്ലറികൾക്ക് ഹാൾമാർക് ലൈസൻസ് കരസ്ഥമാക്കാൻ സാധിക്കും.
2020 ജനുവരി 15 നു പ്രാബല്യത്തിൽ വന്ന കേന്ദ്ര സർക്കാർ നിയമം അനുസരിച്ചു ജ്വല്ലറികൾ ഹാൾമാർക് ഇല്ലാത്ത സ്വർണാഭരണങ്ങൾ ഇനി മുതൽ വില്പന നടത്താൻ പാടില്ല. എന്നാൽ നിലവിൽ 892 ഹോൾമാർക് കേന്ദ്രങ്ങളാണ് 234 ജില്ലകളിലായി രാജ്യത്ത് ഉള്ളത്. 28,849 ജ്വല്ലറികൾക്ക് മാത്രമാണ് ഹോൾമാർക് ലൈസൻസ് ഉള്ളത്. ബാക്കിയുള്ളവയ്ക്കു ലൈസൻസ് എടുക്കാനും, കൂടുതൽ BIS സെൻററുകൾ രാജ്യത്തുടനീളം തുറക്കുന്നതിനും, ജ്വല്ലറികളിൽ ഉള്ള പഴയ സ്വർണാഭരണങ്ങൾ ഹാൾമാർക് ചെയ്തെടുക്കാനുമുള്ള കാലതാമസം കൂടി കണക്കിലെടുത്തു സർക്കാർ ഒരു വർഷത്തെ സമയം ജ്വല്ലറികൾക്ക് അനുവദിച്ചു കൊടുത്തിട്ടുണ്ട്. അതനുസരിച്ചു 2021 ജനുവരി 15 നു ശേഷം ഹാൾമാർക് ഇല്ലാത്ത ആഭരണങ്ങൾ ജ്വല്ലറികൾക്ക് വിൽക്കാൻ സാധിക്കില്ല.
ഹാൾമാർക് നിർബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തിൽ വന്നാൽ പിന്നെ പഴയ ഹാൾമാർക് ഇല്ലാത്ത സ്വർണം കൈവശമുള്ളവർ എന്തുചെയ്യും എന്ന ചോദ്യം നിലനിൽക്കുന്നു. അതുപോലെതന്നെ ഹോൾമാർക്കില്ലാത്ത പഴയ സ്വർണം വിറ്റാൽ മൂല്യം കുറയുമോ എന്ന സംശയവും നിലനിൽക്കുന്നു. എന്നാൽ പഴയ സ്വർണം വാങ്ങുന്നതിനു ബാങ്കുകൾക്കോ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കോ വിലക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. അതുപോലെ കൈവശമുള്ള പഴയ സ്വർണം ജ്വല്ലറികളിൽ കൊടുത്തു അതിൻെറ മൂല്യത്തിന് അനുസരിച്ചുള്ള ഹാൾമാർക് സ്വർണം വാങ്ങിയെടുക്കാം. അതേസമയം ജ്വല്ലറിക്കാർക്ക് അടുത്ത ജനുവരി 15 നു ശേഷം ഹാൾമാർക് ഇല്ലാത്ത സ്വർണം ഒരിക്കലും വിൽക്കാൻ കഴിയില്ല.
ഹാൾമാർക് നിയമം പ്രാബല്യത്തിൽ വരാൻപോകുന്നതിനാൽ പഴയ സ്വർണം മാറ്റിവാങ്ങാനുള്ള തിരക്ക് ജ്വല്ലറികളിൽ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. അതോടൊപ്പം തന്നെ ആളുകൾ വീടുകളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വർണം വിറ്റു കാശാക്കാനുള്ള ശ്രമങ്ങളും കൂടുന്നതായുമുള്ള വാർത്തകളും കേൾക്കുന്നുണ്ട്.
ഹാൾമാർക് നിയമം പ്രാബല്യത്തിൽ വരാൻപോകുന്നതിനാൽ പഴയ സ്വർണം മാറ്റിവാങ്ങാനുള്ള തിരക്ക് ജ്വല്ലറികളിൽ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. അതോടൊപ്പം തന്നെ ആളുകൾ വീടുകളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വർണം വിറ്റു കാശാക്കാനുള്ള ശ്രമങ്ങളും കൂടുന്നതായുമുള്ള വാർത്തകളും കേൾക്കുന്നുണ്ട്.
രാജ്യത്ത് പലപല ബിസിനസ് മേഖലകളിലും നടക്കുന്ന തട്ടിപ്പുകളും കള്ളപ്പണം കുമിഞ്ഞുകൂടുന്നതു തടയനുമായി സർക്കാർ പല നടപടികളും തുടങ്ങിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ആയിരുന്നല്ലോ കള്ളപ്പണം ഒഴുകിക്കൊണ്ടിരുന്ന ഒരു പ്രധാന മേഖല. രേരാ യും മറ്റു നിയമങ്ങളും വന്നപ്പോൾ കള്ളപ്പണം അവിടെ ഇറക്കുന്നതിന് പരിമിധികളായി. അതുപോലെ കള്ളപ്പണം സ്വർണത്തിലും നിക്ഷേപിച്ചുവെച്ചിരിക്കുന്നവരുടെ എണ്ണം കുറവല്ല. ഇന്ത്യൻ കുടുംബങ്ങളിലും മറ്റുമായി സൂക്ഷിച്ചുവച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ടൺ സ്വർണമാണെന്ന വാർത്ത അതിശയോക്തി ഉളവാക്കുന്നതല്ല . ഈ നിഷ്ക്രിയമായി സ്വർണം പുറത്തുകൊണ്ടുവരുവാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു എന്നാണറിയുന്നത്. ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും കയ്യിൽ സൂക്ഷിച്ചു വെയ്ക്കാൻ പറ്റുന്ന സ്വർണത്തിനു സർക്കാർ പരിധി നിശ്ചയിക്കാൻ പോകുന്നു എന്നാണറിയുന്നത്.
പണ്ട് 2000 ത്തിൻെറ നോട്ട് നിരോധിച്ചതുപോലെ സ്വർണത്തിലും എന്തെങ്കിലും നിയമങ്ങൾ (കൈവശം വെയ്ക്കാവുന്നതിൻെറ പരിധി) വന്നാലോ എന്ന ചിന്ത ജനങ്ങളിൽ ഉടലെടുക്കാൻ തുടങ്ങിയിട്ടുണ്ട്. പോരാത്തതിന് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ചരിത്രത്തിലെ റെക്കോർഡ് വില വര്‍ദ്ധനയാണ് സ്വർണത്തിനു കൈവരിക്കാൻ കഴിഞ്ഞത്. ഇനി ഒരു പക്ഷെ ഈ വില കുറഞ്ഞാലോ എന്നും പൊതുജനം ചിന്തിക്കാൻ തുടങ്ങി. അതുകൊണ്ടു ഇപ്പോള്‍ കിട്ടുന്ന ഉയര്‍ന്ന വിലയ്ക്ക് കയ്യിൽ വെറുതെയിരിക്കുന്ന സ്വര്‍ണ്ണം വിറ്റ് കാശാക്കുകയാണ് ഉത്തമം എന്ന ചിന്തയാണ് മുകളിൽ പറഞ്ഞ പഴയ സ്വർണം വിറ്റു കാശാക്കുന്നവരുടെ എണ്ണം വർദ്ധിക്കാനുള്ള കാരണം.
ഇങ്ങനെ ഒക്കെയാണെങ്കിലും ഒരു മികച്ച നിക്ഷേപമാർഗമായി സ്വർണത്തെ കാണാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. ആഗോളതലത്തിലുള്ള സാമ്പത്തിക അനശ്ചിതത്വം സ്വർണത്തിൻെറ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാറുണ്ട്. ഇത് സ്വർണ നിക്ഷേപത്തിലും സമയാസമയങ്ങളിൽ ലാഭനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. ഒരുപക്ഷേ നമ്മൾ പെട്ടന്നുള്ള അത്യാവശ്യത്തിനു വില്പനക്ക് ശ്രമിക്കുമ്പോൾ മാർക്കറ്റിൽ വില കുറവാണെങ്കിൽ നഷ്ടം ഉറപ്പാണ്. അതുകൊണ്ടു മാർക്കറ്റിലെ ചാഞ്ചാട്ടങ്ങളും ലാഭനഷ്ട സ്വഭാവങ്ങളും കരുതലോടെ നോക്കി വേണം എപ്പോഴും സ്വർണത്തിൽ നിക്ഷേപം നടത്താൻ.