പതഞ്ജലി പരസ്യങ്ങൾ നിയമം ലംഘിച്ചു പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനും അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനുമെതിരെ സുപ്രീം കോടതി ചൊവ്വാഴ്ച കോടതിയലക്ഷ്യ നോട്ടീസ് അയച്ചു
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന്റെ പേരിൽ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ സമർപ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി ഈ നോട്ടിസ് നൽകിയിരിക്കുന്നത്.
അമിതവണ്ണം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ശാശ്വത പരിഹാരം നൽകും എന്ന രീതിയിലുള്ള പരസ്യങ്ങൾ കൊടുക്കരുതെന്ന 2023 നവംബർ 21-ന് സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് കമ്പനിയും ബാലകൃഷ്ണയും ലംഘിച്ചതായി ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു..
കോടതിയലക്ഷ്യ നോട്ടീസിന് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കമ്പനിയോടും അതിൻ്റെ മാനേജിങ് ഡയറക്ടറോടും ബെഞ്ച് നിർദേശിച്ചു.
1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ പരസ്യങ്ങൾ) നിയമവും അതിൻ്റെ ചട്ടങ്ങളും ലംഘിച്ച് ഒരു ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രസിദ്ധീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
വ്യാജ പ്രചാരണം നടത്തിയാല്‍ ഒരു കോടി രൂപ പിഴയീടാക്കുമെന്നു കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി പതഞ്ജലിയോടെ പറഞ്ഞിരുന്നു.