ബൈജു രവീന്ദ്രനെയും കുടുംബത്തെയും കമ്പനിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഡ്‌ടെക് സ്ഥാപനമായ ബൈജൂസിൻ്റെ നാല് നിക്ഷേപകർ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (NCLT) മുമ്പാകെ കേസ് ഫയൽ ചെയ്തതായി പുതിയ വാർത്ത.
പ്രോസസ്, ജിഎ, സോഫിന, പീക്ക് എക്‌സ്‌വി എന്നീ നാല് നിക്ഷേപകർ ആണ് നിവേദനത്തിൽ ഒപ്പുവച്ചിട്ടുള്ളത്. ടൈഗർ, ഓൾ വെഞ്ച്വേഴ്‌സ് എന്നിവയുൾപ്പെടെ മറ്റ് ഓഹരി ഉടമകളുടെ പിന്തുണയും ഇവർക്കുണ്ടെന്നു പറയപ്പെടുന്നു.
ഇന്നലെയാണ് ബൈജൂസിന്റെ ഏകദേശം 60 ശതമാനം ഓഹരി കയ്യാളുന്ന നിക്ഷേപകർ അസാധാരണമായ പൊതുയോഗം നടത്തുകയും ബൈജുവിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്. അതോടൊപ്പം അവർ ലോ ട്രിബുണലിനെ സമീപിക്കുകയും ചെയ്തു.
എന്നാൽ ഇന്നലെ ചേർന്ന യോഗം അസാധുവാണെന്നും അതിനു നിയമത്തിന്റെ പരിരക്ഷ ഇല്ലെന്നും കട്ടി ബൈജു കർണാടകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി മാർച്ച് 13 നു വാദം കേൾക്കും. അതുവരെ EGM നടപടികൾക്കും വോട്ടിങ്ങിനും സാധുതയില്ലെന്നും കോടതി പറഞ്ഞു.
ഇതിനിടെ വിദേശ വിനിമയ ചട്ടം ലംഘിച്ചതിനു ബൈജുവിന്റെ പേരിൽ ഇ ഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ബൈജൂ ദുബായിലേക്ക് കടന്നതെന്നും പറയപ്പെടുന്നു.
ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയും ബൈജുവിനും ഇ ഡി നോട്ട്സ് അയച്ചിരുന്നു. അതിന്റെ തുടർ നടപടിയായി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ ശ്രമം നടക്കുന്നത്. ദുബായിൽ നിന്നും ബൈജു തിരിച്ചു വന്നാൽ വീണ്ടും രാജ്യം വിട്ടു പോകാതിരിക്കാനാണ് ഈ നോട്ടീസ്,
അതോടൊപ്പം വാടക കുടിശ്ശിക ഉള്ളതിന്റെ പേരിൽ ഓഫീസ് കെട്ടിടം ഒഴിഞ്ഞു കിട്ടുന്നതിനായി ബാഗ്ലൂരിലെ ചില ഓഫീസുകളുടെ പേരിൽ നിയമ നടപടികളും നടന്നുവരുന്നുണ്ട്.
എല്ലാംകൊണ്ടും ബൈജുവിന് കണ്ടകശ്ശനിതന്നെയാണ്. പക്ഷെ ഇപ്പോൾ നടക്കുന്ന പ്രശ്ങ്ങളുടെ സാഹചര്യത്തിൽ ബൈജുവിനെ പുറത്താക്കാനുള്ള നീക്കം കോടതി മാർച്ച് 13 വരെ തടഞ്ഞിട്ടുണ്ട്. ഇനി കോടതി വാദം കേട്ടതിനുശേഷം തീർപ്പുണ്ടാകുന്നത് വരെ ബൈജുവിന് ആശ്വസിക്കാം. എന്നിരുന്നാലും പ്രശ്ങ്ങൾ വേറെയും ഉണ്ട്. ഡൽഹിയിൽ ഓഫീസിൽ രക്ഷിതാക്കൾ ഉണ്ടാക്കിയ നാടകവും നാണക്കേടിന് ആക്കം കൂട്ടിയിരിക്കുകയാണ്.
കണ്ടകശനി കൊണ്ടേ പോകൂ എന്ന ആപ്തവാക്യം ശരിയയായി ഭവിക്കുമോ? എഡ്യു ടെക് ഭീമൻ കമ്പനിയിൽ നിന്ന് പുറത്താക്കപെടുമോ? ബൈജുവിനെയും കൂട്ടരെയും പുറത്താക്കുന്നതുകൊണ്ടു പ്രശ്നങ്ങൾ തീരുമോ? പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കമ്പനിയുടെ ഭാവി എന്തായിരിക്കും? പരിഹാരം എന്തൊക്കെയാണ്? അത് എങ്ങനെ പ്രാബല്യത്തിൽ വരുത്തും ? ചോദ്യങ്ങൾ നിരവധിയാണ് . അതിനുള്ള ഉത്തരങ്ങൾ വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാം.