കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ ലോകം മുഴുവൻ പ്രസിദ്ധമായ നമ്മുടെ കൊച്ചുകേരളം കടലും കായലും മലകളും കുന്നുകളും പച്ചപ്പുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞും മഴയും എല്ലാംകൊണ്ടും പ്രസിദ്ധമാണ്.
ഇതുകൊണ്ടൊക്കെയാണ് ഇന്ത്യയിൽ വരുന്ന വിദേശികളെ കേരളം കാണാതെ തിരിച്ചുപോകാൻ അനുവദിക്കാത്തത്. ആഭ്യന്തര വിനോദ സഞ്ചാരികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇന്ന് ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് കേരളം.
മനോഹരമായ കായൽ, ശാന്തമായ ബീച്ചുകൾ, പച്ചപട്ടു പുതച്ച മലനിരകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയ്ക്ക് പേരുകേട്ടതാണ് നമ്മുടെ കേരള ടൂറിസം. അതിനാൽ ഓരോ വർഷവും നമ്മുടെ കൊച്ചു കേരളം കാണാനെത്തുന്ന വിദേശീയരും സ്വദേശിയരുമായ വിനോദ സഞ്ചാരികളുടെ എണ്ണം കോടികളാണ്.
ഇക്കഴിഞ്ഞ വർഷം കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ കണക്കു റെക്കോർഡുകൾ തകർത്തിരിക്കുന്നതായാണ് ടൂറിസം ഡിപ്പാർട്മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ വന്നുപോയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 87.83 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായെന്നാണ് കണക്കുകൾ പറയുന്നത്. അതുപോലെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 15.92 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിരിക്കുന്നു.
എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിവിടങ്ങളിലാണ് കൂടുതലും സഞ്ചാരികൾ സന്ദർശിച്ച സ്ഥലങ്ങൾ എന്നാണ് കണക്കുകൾ വിളിച്ചു പറയുന്നത്.
മുൻ വർഷങ്ങളിലേതിൽ നിന്നും വന്നിരിക്കുന്ന വിനോദ സഞ്ചാരികളുടെ ഈ കുതിച്ചുകയറ്റം കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ചയാണ് കാണിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ടൂറിസം കൊണ്ടുള്ള വരുമാനം വളരെ വിലപ്പെട്ടതാണ്. ടൂറിസ്റ്റുകളുടെ വർദ്ധനവ് അതുമായി ബന്ധപ്പെട്ട ബിസിനസുകളുടെ വളർച്ചയ്ക്കും ജോലിസാധ്യതകൾക്കും കാരണമാകുന്നുണ്ട് എന്നതു നല്ലൊരു മാറ്റത്തിന്റെ തുടക്കമായി കാണാവുന്നതാണ്.