ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് 2029 ൽ മനുഷ്യബുദ്ധിയെ മറികടക്കുമെന്നു പ്രവചനം സമൂഹത്തോടുള്ള ഒരു പുതിയ വെല്ലുവിളിയുടെ അലയൊലികൾ ഉയർത്തുന്നുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന നിർമിത ബുദ്ധി അതിവേഗം നിത്യജീവിതത്തിലെ ഓരോ മേഖലകളിലേക്കും പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണ് പത്രത്താളുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നാം ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. എല്ലാം കൊണ്ടും ഒരു AI യുടെ യുAI ഗമാണ് ഇന്ന് നിലനിൽക്കുന്നത്. എന്തിനു ഏതിനും AI യെ കൂട്ടുപിടിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.
മനുഷ്യ ബുദ്ധിയെ മറികടക്കുന്നു മനുഷ്യ നിർമിതമായ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മുന്നോട്ടു പോകുന്ന കാലം ഉണ്ടാകുമെന്നു പണ്ടുമുതലേ ഊഹാപോഹങ്ങളും വിലയിരുത്തലുകളും ഉണ്ടായിട്ടുണ്ടായിരുന്നു. ഇന്ന് നിലവിൽ അറിയുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് സത്യമാകുമോ എന്ന തോന്നൽ ഇല്ലാതില്ല.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ചതോടെ, ഗൂഗിൾ, മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വലിയ ടെക് കമ്പനികൾ പോലും അവരുടെ സ്വന്തം ഭാഷാ മോഡലുകൾ നിർമ്മിക്കാനും അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ പരിഷ്കരിക്കാനുമുള്ള കടുത്ത മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ് എന്നാണ് വാർത്തകൾ. AI യുടെ പുതിയ മാനങ്ങൾ തേടാനുള്ള നെട്ടോട്ടത്തിലാണ് ടെക് ഭീമന്മാർക്കൊപ്പം ഇന്ന് മറ്റുപല ടെക് സ്റ്റാർട്ടപ്പുകളും. ഇത് വിദൂരഭാവിയിൽ AI കൊണ്ട് ഉണ്ടാകാവുന്ന നേട്ടങ്ങളും, അനിവാര്യതയും വിളിച്ചു പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പടർന്നു പിടിക്കുന്നതോടെ ഒരുപാടു മേഖലകളിൽ ആളുകൾക്ക് ജോലി നഷ്ടമാകാൻ ഇടയുണ്ടെന്ന വാർത്ത വ്യാപകമായികൊണ്ടിരിക്കുകയാണ്. പല മേഖലകളിലും ഇതിന്റെ അലയൊലികൾ കാണാനും തുടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവവും . മനുഷ്യൻ ചെയ്യേണ്ട ജോലികൾ പലതും നിർമിത ബുദ്ധികൾ ചെയ്യാൻ തുടങ്ങിയതോടെ പല വമ്പൻ ടെക് കമ്പനികളും അനാവശ്യ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തുടങ്ങിയതായി വാർത്തകളുണ്ട്. ഇത് തുടർകാലങ്ങളിൽ 'അനാവശ്യം' എന്നത് മാറി ആവശ്യക്കാരുടെ എണ്ണവും വെട്ടി കുറയ്ക്കുന്നതിലേക്കു മാറുമോ എന്ന ചിന്തയും ഇല്ലാതില്ല.
AI സിസ്റ്റങ്ങൾക്ക് ടൺ കണക്കിന് ഡാറ്റ കൈകാര്യം ചെയ്യാനും മനുഷ്യരേക്കാൾ വളരെ വേഗത്തിൽ അത് പ്രോസസ്സ് ചെയ്യാനും കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഭാവിയിൽ മനുഷ്യ അധ്വാനം കുറയ്ക്കാനും ജോലിസാധ്യതകൾ കുറയ്ക്കാനും അത് കരണമാക്കിയേക്കാം എന്ന ചിന്ത ഇവിടെ അർത്ഥവത്താകുന്നു.
ഇതിനൊക്കെ ഉപോത്ഭലകമായി ഇപ്പോൾ പൊതുസമൂഹത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നതു എലോൺ മാസ്കിന്റെ പുതിയ പോസ്റ്റ് ആണ്.
AI യുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം കാണുമ്പോൾ, മനുഷ്യരേക്കാൾ കൂടുതൽ ബുദ്ധിയുള്ളതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറുന്നതിനുള്ള കാലം വിദൂരമല്ലെന്ന് ടെസ്ല മേധാവി എലോൺ മസ്ക് ഇപ്പോൾ വിശ്വസിക്കുന്നു. "അടുത്ത വർഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുപക്ഷേ മറ്റേതൊരു മനുഷ്യനേക്കാളും മികച്ചതായിരിക്കും. 2029 ഓടെ, അത് ഒരുപക്ഷേ എല്ലാ മനുഷ്യരെക്കാളും മികച്ചതായിരിക്കും," മസ്ക് തന്റെ എക്സിൽ (പഴയ ട്വിറ്ററിൽ) ഒരു പോസ്റ്റിൽ എഴുതിയിരിക്കുന്നു.
ഇലക്ട്രിക് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ടെസ്‌ലയുടെയും (ടിഎസ്എൽഎ) സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിൻ്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ മസ്‌ക് ആഗോള പ്രശസ്തി നേടിയിട്ടുള്ള വ്യക്തിയാണ്. നിരവധി ടെക് കമ്പനികളിലെ ആദ്യകാല നിക്ഷേപകനാണ് മസ്‌ക്, 2022 ഒക്ടോബറിൽ X (നേരത്തെ ട്വിറ്റർ) അദ്ദേഹം സ്വന്തമാക്കിയിരുന്നു.
പ്രശസ്ത ഫ്യൂച്ചറിസ്റ്റ് റെയ്മണ്ട് കുർസ്‌വീലും പോഡ്കാസ്റ്റർ ജോ റോഗനും തമ്മിൽ അടുത്തിടെ നടത്തിയ ചർച്ചയെ തുടർന്നാണ് മസ്കിന്റെ മനസ്സിൽ ഈ വിശ്വാസം ഉടലെടുത്തത് എന്നാണ് അറിയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യതലത്തിൽ ഇന്റലിജൻസ് കൈവരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന റെയ്മണ്ട് കുർസ്‌വീൽ തന്റെ വിശകലനത്തെ അടിസ്ഥാനമാക്കി, കമ്പ്യൂട്ടേഷണൽ പവർ, അൽഗോരിതം സങ്കീർണ്ണത, ഡാറ്റ പ്രോസസ്സിംഗ് കഴിവുകൾ എന്നിവ അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പ്രവചിച്ചു. അതിനാൽ ഈ മുന്നേറ്റങ്ങൾ അനിവാര്യമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുമെന്നും ഒടുവിൽ അത് മനുഷ്യ ബുദ്ധിയെ മറികടക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും എഴുത്തുകാരനും സയന്റിസ്റ്റും ഫ്യൂച്ചറിസ്റ്റുമാണ് റെയ്മണ്ട് കുർസ്‌വീൽ.
ഇത് വെറുമൊരു പ്രവചനം മാത്രമാണെന്നും അതിൽ അതിശയോക്തിയൊന്നും ഇല്ലെന്നും പറയുന്നവരോട്, 2005-ൽ റെയ്മണ്ട് കുർസ്‌വീൽ പ്രസിദ്ധീകരിച്ച "ദ സിംഗുലാരിറ്റി ഈസ് നെയർ" എന്ന പുസ്തകത്തിൽ, 2029 ഓടെ, AI മനുഷ്യ ബുദ്ധിയെ മറികടക്കുമെന്നും, ഭാവിയിൽ അത് ഉണ്ടാക്കിയേക്കാവുന്ന മുന്നേറ്റവും അതിന്റെ അതിവേഗ വ്യാപനവും കുർസ്വെയിൽ പ്രവചിച്ചിരുന്നു എന്ന വാർത്ത കൂടി കൂട്ടിയോജിപ്പിച്ചാൽ സംഗതിയെ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് പലപ്പോഴും തുറന്നുപറയുന്ന ആളാണ് മസ്ക്, നിലവിലെ സാഹചര്യങ്ങളുമായി വിലയിരുത്തുമ്പോൾ അത് മനുഷ്യരേക്കാൾ കൂടുതൽ ബുദ്ധിയുള്ളതായി മാറുന്നത് വളരെ നേരത്തെയാകാമെന്നും 2029 ആകുമ്പോഴേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മനുഷ്യരുടെയും കൂട്ടായ ബുദ്ധിയുമായി പൊരുത്തപ്പെടാൻ മാത്രമല്ല, അതിനപ്പുറത്തേക്കും മറികടന്നുപോകാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
വിവിധ വ്യവസായങ്ങളിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വ്യാപ്തി കേവലം വിപുലീകരണമല്ല, കാലോചിതമായ ഒരു പരിവർത്തനമാണത്. നാം സാങ്കേതിക വിപ്ലവത്തിൻ്റെ വക്കിൽ നിൽക്കുമ്പോൾ, മേഖലകളിലുടനീളം കാര്യക്ഷമത, നവീകരണം, സർഗ്ഗാത്മകത എന്നിവ പുനർനിർവചിക്കാനുള്ള AI-യുടെ സാധ്യത നിഷേധിക്കാനാവാത്തതാണ്.
വരും കാലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ടെക് ലോകത്തും മനുഷ്യ ജീവിതത്തിലും ഉണ്ടാക്കാൻ പോകുന്ന സ്വാധീനവും ഗുണ ദോഷങ്ങളും എന്തായാലും കാത്തിരുന്ന് കാണുക തന്നെ.
Viji K Varghese | ആനുകാലിക വാർത്തകൾ കൂട്ടിയോജിപ്പിച്ചു തയ്യാറാക്കിയത്.