തമിഴ് നാട്ടിൽ പുതിയ വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ മോട്ടോർസ് കരാർ ഒപ്പിട്ടു.
വിൻഫാസ്റ്റ് ഓട്ടോയ്ക്ക് ശേഷം തമിഴ് നാട്ടിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ഓട്ടോമൊബൈൽ കമ്പനിയായായ ടാറ്റ മോട്ടോർസ് വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങിയിരിക്കുന്നു. 9000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാഹന നിർമാണ യൂണിറ്റിന്റെ പദ്ധതിക്കായുള്ള ധാരണാപത്രം തമിഴ് നാട് സർക്കാരും ടാറ്റ മോട്ടോഴ്സും ഒപ്പുവച്ചു കഴിഞ്ഞു.
ഈ അടുത്ത ഇടയ്ക്കായിരുന്നു വിൻഫാസ്റ്റ് ഓട്ടോ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇലക്ട്രിക്ക് വാഹന നിർമാണ പ്ലാന്റ് നിർമിക്കാനായുള്ള ഏകദേശം 16000 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ടത്.
വ്യവസായം വളർത്തുന്നതിനും നിക്ഷേപകരെ സംസ്ഥാനത്തേക്കു ആകർഷിക്കുകയും ചെയ്യുന്നതിനായി കഴിഞ്ഞ ജനുവരിയിൽ ഡിഎംകെ സർക്കാർ നടത്തിയ ആഗോള നിക്ഷേപക സംഗമവും അതിനോട് അനുബന്ധിച്ചു നടന്ന ചർച്ചകളുടെയും പരിണിതഫലമാണ് ഇത്രയും വലിയ നിക്ഷേപം തമിഴ്നാടിന് നേടിയെടുക്കാൻ സാധിച്ചത്.
വെറും രണ്ട് മാസങ്ങൾ കൊണ്ട് രണ്ട് വലിയ നിക്ഷേപകരെ സംസ്ഥാനത്തേക്കു ആകർഷിക്കാനും, ഏകദേശം 25000 കോടി രൂപയുടെ നിക്ഷേപം നടത്താൻ കരാർ ഒപ്പിടാൻ സാധിച്ചതും തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി മുക്തകണ്ഠം പ്രശംസ നേടിയിരിക്കുന്നു. ഒരു നല്ല നിക്ഷേപ ഹബ്ബായി തമിഴ്നാട് നിക്ഷേപകർക്കിടയിൽ വളർന്നിരിക്കുന്നു എന്നതിന്റെ ലക്ഷണം കൂടിയായി ഇതിനെ കാണാൻ സാധിക്കും.
ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനത്തിന് ഇത്രയും വലിയ ഒരു നേട്ടം നേടാൻ സാധിച്ചതു എന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ പറഞ്ഞു. ഇതിലൂടെ യുവാക്കൾക്ക് കൂടുതലായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, സംസ്ഥാനത്തെ വ്യാവസായിക മേഖല ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.