ഒരു കമ്പനി പരസ്യം ചെയ്യുന്നതും എന്നാൽ നികത്താൻ ഉദ്ദേശമില്ലാത്തതുമായ ഒഴിവുകളാണ് പ്രേത ജോലികൾ. പ്രേത ജോലികളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാക്കുക.
ഇന്ന് ജോലിക്കുവേണ്ടി നെട്ടോട്ടം ഓടുന്നവരുടെ എണ്ണം കുറവല്ല. കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക മാന്ദ്യം തൊഴിൽ മേഖലയെ വളരെ ബാധിച്ചു. ഒരുപാടു പേരുടെ ജോലി നഷ്ടമായി. ഇപ്പോഴുള്ള ആഗോള സാമ്പത്തിക മാന്ദ്യവും, ടെക് മേഖലയിലെ പ്രശ്നങ്ങളും, പിരിച്ചുവിടലുകളും എല്ലാം തൊഴിൽ മേഖലയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂട്ടിയിരിക്കുന്നു.
ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ജോലി തിരയുന്നവർ പെരുകി. എവിടെയെങ്കിലും ഒരു ജോലി കിട്ടാനായി മുട്ടാത്ത വാതിലുകൾ ഇല്ല. എവിടെ ജോലി എന്ന് കേട്ടാലും അപ്പോൾ തന്നെ അപ്ലൈ ചെയ്യും.
ഒരുപാടു പ്രതീക്ഷകളോടെയാണ് എല്ലാവരും ഒരു ജോലിക്കു അപ്ലൈ ചെയ്യുന്നത്. പിന്നീട് ഇന്റർവ്യൂ കാൾ വരാനുള്ള കാത്തിരിപ്പാണ്. അത് കിട്ടിയാൽ പിന്നെ ഇന്റെർവ്യൂ , അത് കഴിഞ്ഞാൽ അപ്പോയ്ന്റ്മെന്റിനുള്ള കാത്തിരിപ്പു അല്ലെങ്കിൽ തൊഴിൽ ദാതാവിൽ നിന്നുള്ള വിളി വരുന്നതിനുള്ള കാത്തിരിപ്പു. ടെൻഷൻ നിറഞ്ഞ ഒരു സമയമാണ് ഇത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പുതിയ വാർത്ത നമ്മുടെയൊക്കെ ജോലി സങ്കല്പങ്ങളെ തകിടം മറിക്കുന്നതാണ്. മൗറീൻ ഡബ്ല്യു ക്ലോഫ് എന്ന ഉപയോക്താവ് ത്രെഡിൽ ഒരു കുറിപ്പ് നൽകിയത് വായിച്ചാൽ ജോലി ദതാക്കൾ ജോലി തേടുന്നവരെ പറ്റിക്കുന്ന ഒരു വലിയ വഞ്ചനയുടെ കഥയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഗോസ്റ്റ് ജോബ് എന്നപേരിൽ അറിയപ്പെടുന്ന ഈ സംഭവം പല കമ്പനികളും നടത്തിവരുന്നതായാണ് കേൾക്കുന്നത്. ഒരു കമ്പനി ജോലിയുണ്ടെന്നു പറഞ്ഞു പരസ്യം നൽകും. അതനുസരിച്ചു ആയിരങ്ങൾ ജോലിക്കു അപേക്ഷിക്കും. അതിൽ നിന്ന് തിരഞ്ഞെടുത്തവരെ ഇന്റർവ്യൂവിനു വിളിക്കും. ഇന്റർവ്യൂ കഴിഞ്ഞാൽ ഉടൻ തന്നെ വിവരം അറിയിക്കാം എന്ന് പറഞ്ഞു ജോലി അന്വേഷിക്കുന്നവർ പറഞ്ഞുവിടും.
പിന്നീട് ജോയിൻ ചെയ്യാനുള്ള വിളിക്കായുള്ള കാത്തിരിപ്പാണ്. പക്ഷെ വിളി ഒരിക്കലും വരില്ല എന്നതാണ് സത്യം, അങ്ങോട്ട് വിളിച്ചു ചോദിച്ചാൽ പ്രതീക്ഷയുടെ സ്വരമായിരിക്കും, തീരുമാനം ആയിട്ടില്ല പിന്നാലെ അറിയിക്കാം. ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കും. സംശയം തോന്നി കമ്പനിയുടെ വെബ്സൈറ്റിലോ മറ്റ് ജോബ് പോർട്ടലിലോ നോക്കിയാൽ നിയമനം നടന്നിട്ടില്ല ഇപ്പോഴും കമ്പനിയിൽ വേക്കൻസി ഉള്ളതായി കാണാനും സാധിക്കും.
സത്യത്തിൽ കമ്പനിയിൽ ഇങ്ങനെ ഒരു ജോലി കാണില്ല എന്നതാണ് സത്യം. ഇതിനെയാണ് ഗോസ്റ് ജോബ് അഥവാ പ്രേത ജോലി എന്ന് പറയുന്നത്. ഒരു കമ്പനി പരസ്യം ചെയ്യുന്നതും എന്നാൽ നികത്താൻ ഉദ്ദേശമില്ലാത്തതുമായ ഒഴിവുകളാണ് ഗോസ്റ്റ് ജോലികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉദ്യോഗാർത്ഥികളെ പറ്റിക്കുന്ന ഈ നാടകത്തിനു ഓരോ കമ്പനികൾക്കും അവരവരുടേതായ ന്യായവശങ്ങൾ ഉണ്ട്. നിലവിലെ മാർക്കറ്റ് ട്രെൻഡ് അറിയാനും, കമ്പനിയുടെ ക്രെഡിബിലിറ്റി കൂട്ടാനും വേക്കൻസി ഉണ്ടന്ന് മറ്റുള്ളവരെ ധരിപ്പിക്കാനും, ജോലിക്കാരുടെ ലഭ്യത മനസിലാക്കാനും അങ്ങനെ കാരണങ്ങൾ പലതാണ്.
നിരവധി ഗോസ്റ്റ് ജോബ് ലിസ്റ്റിംഗുകൾക്ക് വ്യക്തമായ ഒരു ജോലി വിവരണം പോലുമുണ്ടാകില്ല എന്നതാണ് സത്യം, എന്നാൽ ഒരു ഉദ്യോഗാർത്ഥിയെ അപേക്ഷിക്കാൻ പര്യാപ്‌തമായിട്ടുള്ള എല്ലാ കാര്യങ്ങളും, കിട്ടാവുന്ന ആനുകൂല്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്യും അങ്ങനെ ഉദ്യോഗാർത്ഥികളെ വശീകരിക്കാൻ സാധിക്കുന്ന എല്ലാം ഈ പരസ്യങ്ങളിൽ കാണും എന്നതാണ് രസകരമായ വസ്തുത. പക്ഷെ ജോലി ഒരിക്കലും കിട്ടില്ല എന്ന സത്യം അറിയുന്നവർ വിരളമായിരിക്കും.
ഈ സാഹചര്യത്തിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഒന്നേ ചെയ്യാൻ കഴിയു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഇന്റർവ്യൂ കഴിഞ്ഞിട്ടും ജോലി ദാതാക്കളിൽ നിന്നും വ്യക്തമായ ഉത്തരം കിട്ടുന്നില്ലെങ്കിൽ പ്രതീക്ഷകൾ വെച്ചുപുലർത്തേണ്ട , വേറെ ജോലിക്കു ശ്രമിക്കുക.
സൂക്ഷിക്കുക, പ്രേത ജോലികൾ പലയിടത്തും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അമിത പ്രതീക്ഷകൾ വച്ചുപുലർത്താതിരിക്കുക.
Viji K Varghese | മറ്റു വാർത്തകളും കൂട്ടി തയ്യാറാക്കിയത്