കാർ, ബൈക്ക് എന്നിവ ഗോവയിൽ ഇനി വാടകയ്ക്ക് എടുക്കുന്നതിനു പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നു.
ഗോവ കാണാത്തവരും ഗോവയ്ക്ക് പോകാൻ ആഗ്രഹിക്കാത്തവരും വളരെ കുറവായിരിക്കും.
പലയിടങ്ങളിലായി കിടക്കുന്ന ചെറുതും വലുതുമായ ബീച്ചുകളും പബുകളും കാണാൻ വളരെയേറെ യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടായിട്ടും വരുന്ന സഞ്ചാരികൾക്കു ഗോവയിലുടനീളം യാത്ര ചെയ്യാൻ അവിടെ റെന്റൽ വണ്ടികൾ കിട്ടും എന്നത് ചെലവ് ചുരുക്കി യഥേഷ്ടം കറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ്.
അകലങ്ങളിൽ കിടക്കുന്ന ഓരോ ബീച്ചുകളും സന്ദർശിക്കാൻ ഇത്തരത്തിൽ ദിവസ വാടകയ്ക്ക് കാർ, ബൈക്ക് എന്നിവ എടുത്തു യാത്ര ചെയ്യുക ഒരു രസകരമായ അനുഭവമാണ്. റോഡരികിലും എല്ലായിടത്തും ഇത്തരത്തിലുള്ള വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ആളുകളെയോ സ്ഥാപനങ്ങളെയോ നിരവധി കാണാവുന്നതാണ്. ഇവിടെ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള വാഹനങ്ങൾ വാടകയ്ക്ക് എടുത്തു കറങ്ങാവുന്നതാണ്.
പക്ഷെ ഇനി ഇത്തരം യാത്രകൾ അത്ര എളുപ്പത്തിൽ നടക്കുകയില്ല. വാഹനങ്ങൾ ഇങ്ങനെ വാടകയ്ക്ക് എടുക്കുന്നതിനു ഗോവൻ പോലീസ് പുതുതായി കുറച്ചു മാർഗനിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. ഗോവയില്‍ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങള്‍ ശരിയായ രീതിയിൽ പാലിച്ചുകൊള്ളാം എന്ന ഒരു സത്യവാങ്മൂലം ഒപ്പിട്ട് നൽകിയാൽ മാത്രമേ നിങ്ങൾക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ ഇനിമുതൽ സാധിക്കുകയുള്ളു.
ഗോവയില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ കൂടുതലും ഇങ്ങനെ വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്ന വാഹനങ്ങളാണെന്നാണ് പോലീസ് പറയുന്നത്. സഞ്ചാരികളുടെ അലക്ഷ്യമായ ഡ്രൈവിംഗ് ആണ് പല അപകടങ്ങൾക്കും കാരണമാകുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗം നടത്തില്ല, ഇരുചക്ര വൻഹനങ്ങളിൽ ഹെൽമെറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യില്ല, രണ്ടിൽ കൂടുതൽ ആളുകളുമായി യാത്രചെയ്യില്ല എന്നിങ്ങനെയുള്ള സത്യവാങ്മൂലം നൽകിയാലേ ഇനി ഗോവയിൽ വണ്ടികൾ നിങ്ങൾക്ക് വാടകയ്ക്ക് കിട്ടുകയുള്ളു. ഈ സത്യവാങ്മൂലത്തിന്റെ കോപ്പി വാഹന ഉടമകൾക്ക് നൽകണം ഒപ്പം സ്വന്തം കയ്യിലും സൂക്ഷിക്കണം. ഇല്ലെങ്കിൽ പിടിവീഴും എന്നുറപ്പാണ്.