ക്രെഡിറ്റ് കാർഡുകളുടെ ബില്ലിംഗ് സർക്കിൾ സ്വയം നിശ്ചയിക്കാനുള്ള അധികാരം ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്താൻ ആർ ബി ഐ ഒരുങ്ങുന്നു.
ഇന്ന് എല്ലാവരും തന്നെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ്. പണം കയ്യിലില്ലെങ്കിലും ആവശ്യാനുസരണം തങ്ങളുടെ കാർഡിന്റെ പരിധിക്കുള്ളിൽ നിന്നും ചിലവുകൾ നടത്താമെന്നുള്ളതും, ബില്ലിംഗ് സർക്കിൾ ഏകദേശം ഒന്നര മാസക്കാലത്തോളം ക്രെഡിറ്റ് കിട്ടുമെന്നതും, പണം കയ്യിൽ കൊണ്ട് നടക്കേണ്ട എന്നുള്ളതും ഒക്കെ ആണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം.
അഞ്ചും പത്തും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷെ അത് വേണ്ടരീതിയിൽ വളരെ ആലോചിച്ചു ചെയ്യണം എന്ന് മാത്രം. സമയാസമയം അതിന്റെ തിരിച്ചടവുകൾ നടത്തിയിരിക്കണം. പേയ്‌മെന്റുകൾ സമയാസമയം അടച്ചില്ലെങ്കിൽ കിട്ടുന്നത് മുട്ടൻ പണിയായിരിക്കും. ലേറ്റ് പേയ്‌മെന്റിന്റെ ഫീസ് വളരെ കൂടുതലാണ് ക്രെഡിറ്റ് കാർഡിൽ വരുന്നത്. അതുപോലെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിലും താഴ്‌ച വന്നേക്കാം.
ഇപ്പോഴിതാ ക്രെഡിറ്റ് കാർഡ് ബില്ലിംഗ് സർക്കിളിൽ പുതിയ പരിഷ്‌കാരം നടത്താൻ ഒരുങ്ങുകയാണ് റിസേർവ് ബാങ്ക്. ഉപഭോക്താക്കൾക്ക് അവരുടെ ബില്ലിംഗ് സർക്കിൾ സ്വയം പരിഷ്കരിക്കാൻ സാധിക്കുമെന്ന് ആർ ബി ഐ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡിന്റെ ബില്ലിംഗ് സർക്കിളും തിയതിയും സ്വയം നിശ്ചയിക്കാനാകും. ഇത് സംബന്ധിച്ച നിർദേശം റിസേർവ് ബാങ്ക് ക്രെഡിറ്റ് കാർഡ് കമ്പനികൾക്കു നിർദേശം നൽകി എന്നാണ് അറിയാൻ കഴിയുന്നത്.