മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി ആളുകളെ പറ്റിക്കുന്നവരെ എവിടെയും കാണാം. പണ്ട് പറ്റിപ്പുകൾ നേരിട്ട് കണ്ടുകൊണ്ടായിരുന്നു. അന്നൊക്കെ തട്ടിപ്പുകാർക്ക് കുറച്ചൊക്കെ പേടിയുണ്ടായിരുന്നു, കാരണം എന്നെങ്കിലുമൊക്കെ പറ്റിപ്പിച്ചവരെ നേർക്കുനേർ കാണേണ്ടിവരുമല്ലോ എന്ന പേടി.
കാലം മാറി, ഇപ്പോൾ തട്ടിപ്പുകൾ കൂടുതലും ഓൺലൈൻ വഴിയാണ്. പറ്റിപ്പിയ്ക്കാൻ ഇപ്പോൾ ഏറ്റവും നല്ലതു ഓൺലൈൻ ആണ്, കാരണം ഒരിക്കലും നേരിൽ കാണേണ്ടിവരില്ല. പറ്റിപ്പിച്ചു മുങ്ങിയാൽ ആരും അറിയില്ല. ഫോൺ നമ്പർ ആവശ്യത്തിന് മാറ്റാവുന്നതുകൊണ്ടു ആരും വിളിച്ചു ശല്യം ചെയ്യില്ല. ഒന്നുകഴിഞ്ഞാൽ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പതിയ കള്ളത്തരങ്ങളുമായി അവർക്കു മാറാനും സാധിക്കും.
ഇത് ന്യൂ ജെനറേഷൻ കാലം. തട്ടിപ്പുകളും ഭാവത്തിലും രൂപത്തിലും ന്യൂ ജനറേഷൻ തന്നെ.ഇന്റർനെറ്റും ഓൺലൈനും പടർന്നു പന്തലിച്ചതോടെ തട്ടിപ്പുകളുടെ രീതിയും മാറി. ഇന്നു ഓൺലൈൻ, സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുന്ന കാലം. എല്ലാവരും കൂടുതൽ സമയവും സോഷ്യൽ മീഡിയയിൽ ഒതുങ്ങികൂടുന്നു. അതിനാൽ ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ സോഷ്യൽ മീഡിയ അവരുടെ പ്രധാന പ്രവർത്തന മണ്ഡലമായി തിരഞ്ഞെടുത്തിരിക്കുകയാണ്.
കേരളത്തിൽ ഇപ്പോൾ പെരുകികൊണ്ടിരിക്കുന്നത് ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പുകൾ ആണ്. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽപെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ കഥകൾ പലതും കേൾക്കാൻ തുടങ്ങിയിരിക്കുന്നു.
വെബ്സൈറ്റുകളും, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും വഴി ഒരുപാടു വലിയ വാഗ്ധാനങ്ങൾ നൽകി തട്ടിപ്പുകാർ അവരുടെ ഇരകളെ കണ്ടുപിടിക്കുന്നു. ഇത് ഇരയിട്ടു മീൻ പിടിക്കുന്നതുപോലെയാണ്. അത്യാർത്തിക്കാരായ മീനുകൾ ഇരയെ മാത്രമേ കാണുന്നുള്ളൂ. അതിന്റെ പിന്നിലുള്ള കൊളുത്തു കാണുന്നില്ല. അവസാനം ചൂണ്ടയിൽ കുരുങ്ങിക്കഴിയുമ്പോഴേക്കും രക്ഷപെടാൻ പഴുതുകൾ ഒന്നും തന്നെ അവശേഷിക്കുകയുണ്ടാകില്ല..
ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പും ഇതുപോലാണ്. ഉപഭോക്താക്കൾക്ക് ആദ്യമൊക്കെ കുറച്ചു ലാഭം കിട്ടും. അപ്പോൾ അത്യാർത്തി മൂത്തു വീണ്ടും വീണ്ടും അവർ പണം മടുക്കും. അങ്ങനെ നല്ലൊരു തുകയായിക്കഴിയുമ്പോൾ, അല്ലെങ്കിൽ പണം പിൻവലിക്കാൻ തുടങ്ങിക്കഴിയുമ്പോൾ അടച്ച പണവുമായി തട്ടിപ്പുകാർ മുങ്ങും.
വെബ്സൈറ്റ്, സോഷ്യൽ മീഡിയ പിന്നെ ഒരു ഫോൺ നമ്പർ അതല്ലാതെ തട്ടിപ്പുകാരുടേതായ ഒരു വിവരവും ഇല്ല. വെബ്സൈരും സോഷ്യൽ മീഡിയ പേജുകളും, ഫോൺ നമ്പറുകളും തട്ടിപ്പു പൂർണമായിക്കഴിഞ്ഞാൽ അവർ നശിപ്പിക്കും. പിന്നെ ബന്ധപ്പെടാൻ ഒരു മാർഗവുമില്ല. ആരോട് പരാതിപ്പെടാൻ. നഷ്ടങ്ങൾ മാത്രം മിച്ചം. നഷ്ടങ്ങൾ പറ്റിയവർ പോയതിനെ ഓർത്തു വേദനിക്കും എന്ന് മാത്രം.
നമ്മൾ മലയാളികൾ എത്ര പണികിട്ടിയാലും അതിൽ നിന്നും പാഠങ്ങൾ പിടിക്കില്ല എന്നതാണ് സത്യം. ആട് , മാഞ്ചിയം, ചിട്ടി, സ്വർണം, ലോട്ടറി അങ്ങനെ നൂറുകണക്കിന് തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ വന്നുപോയി. കോടികൾ നഷ്ടമായി. എന്നിട്ടും നാം എന്തെങ്കിലും പഠിച്ചോ, ഇപ്പോഴും എന്ത് ഉഡായിപ്പുമായി ആര് വന്നാലും കേട്ടപാതി കേൾക്കാത്ത പാതി ലാഭം എന്ന വാക്കിന്റെ പിന്നാലെ പായുന്നവരാണ് കൂടുതലും. നമ്മുടെ ഈ ശീലം തട്ടിപ്പുകാർക്ക് നന്നായി അറിയാം. ലാഭം കിട്ടും എന്ന് കേട്ടാൽ ചക്കയിൽ ഈച്ച പൊതിയുന്നതുപോലെ നമ്മൾ തടിച്ചുകൂടും. പറ്റിപ്പിക്കപെട്ടുകഴിയുമ്പോൾ ആകാശത്തേക്ക് നോക്കിയിരുന്നു വിലപിക്കും.
തട്ടിപ്പുകളിൽ കൂടുതലും അതിന്റെ തലച്ചോർകേന്ദ്രം ഉത്തരേന്ത്യയിൽ നിന്നാണ്. അതിനു കുടപിടിക്കാൻ നമ്മുടെ മലയാളികളും ഉണ്ട് എന്നതാണ് സത്യം. മലയാളികളെ ലാഭക്കൊതി കാണിച്ചു പറ്റിക്കാൻ എളുപ്പമാണെന്ന് ഉത്തരേന്ത്യൻ ലോബികൾക്കു നന്നായി അറിയാം. അവർ മലയാളികളെ കൂട്ടുപിടിച്ചു തട്ടിപ്പിന്റെ മേഖല വർധിപ്പിക്കും. അതാണ് സാധാരണയായി നടക്കുന്നത്.
വൻ സാമ്ബത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് ഇന്ന് കൂടുതലും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ഈ ശ്രേണീയിൽ ഇപ്പോൾ കേൾക്കുന്നത് ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പാണ്. ഇരകളെ കണ്ടുപിടിച്ചു ഓൺലൈൻ ട്രേഡിങിന്റെ ലാഭം പെരുപ്പിച്ചുകാണിച്ചു അവരെ കെണിയിൽ വീഴിക്കും. തങ്ങൾക്കു ലഭിച്ച ലാഭത്തിന്റെ കപടമായ പെരുപ്പിച്ച കണക്കുകളും കൃത്രിമമായി നിർമിച്ച സ്ക്രീൻ ഷോട്ടുകളും കാണിച്ചു ഇരകളെ വിശ്വസിപ്പിച്ചു വാട്സ്ആപ് , ടെലഗ്രാം ചാനലുകളും ഗ്രുപ്പുകളും വഴി അവരെ കൂട്ടിയോജിപ്പിച്ചു ട്രേഡിങ്ങിനായി പണം നിക്ഷേപിപ്പിക്കും. ആദ്യമൊക്കെ ലാഭം കൊടുക്കും. ഉപഭോക്താക്കളുമായി വിശ്വാസ്യത നേടിക്കഴിയുമ്പോൾ കൂടുതൽ ഇൻവെസ്റ്റ്മെന്റ് നടത്തിച്ചു മാക്സിമം ഊറ്റിക്കഴിയുമ്പോൾ അല്ലെങ്കിൽ ഉപഭോക്താക്കൾ ലാഭവും മറ്റും പിൻവലിക്കാൻ തുടങ്ങുമ്പോൾ തട്ടിപ്പുകാർ മുങ്ങും. പിന്നെ ചാനലുകളും കാണില്ല, തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ ഫോൺ എടുക്കില്ല, കൂടുതൽ ശല്യപ്പെടുത്താൻ തുടങ്ങുമ്പോൾ അവർ ഫോൺ നമ്പറും മറ്റും. ഇതാണ് ഇന്ന് കാണുന്ന അവസ്ഥ.
ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടരുതെന്നും വിശ്വസനീയത അന്വേഷിച്ചതിനു ശേഷം മാത്രം എല്ലാം ചെയ്യാവു എന്നും പോലീസും സർക്കാരും മറ്റു ഔദ്യോഗിക രംഗത്തുനിന്നും അറിയിപ്പുകൾ ഉണ്ടെക്കിലും അതിനു ചെവികൊടുക്കുന്നവർ വളരെ വിരളമാണ്.
ലാഭം എന്ന രണ്ടു വാക്കിന്റെ പിന്നാലെ വരും വരായ്കകളെ നോക്കാതെ പായുന്ന മലയാളിയുടെ മാനസികാവസ്ഥയാണ് എല്ലാത്തിനും കാരണം. അഭ്യസ്തവിദ്യർ എന്നഭിമാനിക്കുന്ന, വിവരവും വിദ്യാഭ്യാസവും കൂടിയവരെന്നു സ്വയം പറയുന്ന നമ്മുടെ ചിന്താഗതികളിൽ മാറ്റമുണ്ടാകേണ്ടത് ഇത്തരം പട്ടിപ്പുകളിൽ നിന്നും രക്ഷപെടാൻ ആവശ്യമാണ്.
ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്ബറില്‍ സൈബർ പോലീസിനെ അറിയിക്കുക. കൂടാതെ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. എത്രയും പെട്ടന്നുതന്നെ കേസ് റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന കാര്യം മറക്കാതിരിക്കുക.