ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങൾ നൽകാനൊരുങ്ങി റിസർവ് ബാങ്ക്.
രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിതരണവും ഉപയോഗവും സംബന്ധിച്ച നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്താൻ ഒരുങ്ങിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ക്രെഡിറ്റ് കാർഡുകള്‍ നല്‍കുന്ന സമയത്തു ബാങ്കുകള്‍ ഇനിമുതൽ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകള്‍ ഉപയോഗിക്കാനുള്ള ഓപ്ഷൻ നല്‍കാനാണു റിസേർവ് ബാങ്കിന്റെ പുതിയ നിർദേശം.
നിലവില്‍ കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് ഓപ്ഷന്‍ ഇല്ലായിരുന്നു.
നേരത്തെ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും അവർ തെരഞ്ഞെടുത്ത കാര്‍ഡ് നെറ്റ്‌വര്‍ക്കുകളുമായി കരാറില്‍ ഏര്‍പ്പെടുകയും അത് മാത്രം ഉപഭോക്താക്കൾ വാങ്ങാൻ നിർബന്ധിതരാകുകയും ആയിരുന്നു പതിവ്. പുതിയ നീക്കത്തിലൂടെ ഇത് ഇല്ലാതാക്കിയിരിക്കുകയാണ് റിസേർവ് ബാങ്ക്. ഇനിമുതൽ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് ലഭിക്കും.
പുതിയ നിയമം വഴി കാർഡുകൾ വാങ്ങുന്ന സമയത്തും പഴയ കാർഡുകൾ പുതുക്കുന്ന സമയത്തും ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം വേണ്ടുന്ന കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും.
അംഗീകൃത കാര്‍ഡ് നെറ്റ് വര്‍ക്കുകളുടെ പട്ടികയും ആര്‍ബിഐ പുറത്തുവിട്ടു. അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ , ഡൈനേഴ്സ് ക്ലബ് ഇൻറർനാഷണല്‍, മാസ്റ്റർ കാർഡ് ഏഷ്യ/പസഫിക്, എൻപിസിഐ റുപേ എന്നിവയാണ് പട്ടികയിലുള്ളത്.