യാത്രകൾക്കിടയിലും മറ്റും പൊതുസ്ഥലങ്ങളിൽ കാണുന്ന മൊബൈൽ ചാർജിങ് ബൂത്തുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ. നിങ്ങൾക്ക് ചിലപ്പോൾ മുട്ടൻ പണി കിട്ടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.
വിമാനത്താവളങ്ങള്‍, കഫേകള്‍, ഹോട്ടലുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ മുതലായ സ്ഥലങ്ങളിൽ കാണുന്ന ചാര്‍ജിങ് പോര്‍ട്ടലുകള്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ നിർദേശിക്കുന്നത്.
യുഎസ്ബി ചാര്‍ജര്‍ വഴി തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ ഈ മുന്നറിയിപ്പു വന്നിരിക്കുന്നത്.
ഇത്തരം പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുന്നത് വഴി ഹാക്കര്‍മാര്‍ നിങ്ങളുടെ മൊബൈൽ ഫോണിലോ ലാപ്‌ടോപിലോ ഉള്ള ഡാറ്റകൾ ചോര്‍ത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നു. ഹാക്കർമാർ രഹസ്യമായി ഇത്തരം ചാർജിങ് സ്റ്റേഷനുകളിലെ കേബിളുകൾ ദുരുപയോഗം ചെയ്യുന്നു.
ചാർജ് ചെയ്യുന്നതിനുള്ള യു എസ് ബി പോയിന്റുകളിൽ കൃത്രിമം നടത്തി അവർ ഡാറ്റകൾ മോഷ്ടിക്കുന്നു. പിന്നീട് അതുപയോഗിച്ചു നിങ്ങളുടെ അക്കൗണ്ടകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്.
ചാർജിങ് സ്റ്റേഷനുകളില്‍ നിങ്ങൾ കണക്‌ട് ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളിലേക്ക് അപകടകാരികളായ വൈറസുകളെ കടത്തിവിട്ടാണ് സൈബർകുറ്റവാളികള്‍ നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ ചാർജിങ് നടത്തുമ്പോൾ ഇനി പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാതിരിക്കാൻ സഹായിച്ചേക്കാം.
ഇലക്‌ട്രിക് വാള്‍ ഔട്ട്ലെറ്റുകള്‍ തിരഞ്ഞെടുക്കുക. സ്വന്തം ചാർജിങ് കേബിളുകളോ പവർ ബാങ്കുകളോ ഉപയോഗിക്കുക. ഉപകരണം ലോക്ക് ചെയ്യുകയും പെയറിങ് ഒഴിവാക്കുകയും ചെയ്യുക.
കൂടാതെ ഇത്തരം എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ www.cybercrime.gov.in എന്ന വെബ്സൈറ്റുമായി ബന്ധപ്പെടുക അല്ലെങ്കിൽ 1930 എന്ന നമ്ബറില്‍ വിളിച്ചു നിങ്ങള്ക്ക് കംപ്ലൈന്റ്റ് ചെയ്യാവുന്നതാണ്.
നിലവിൽ ഉണ്ടായ ചില സംഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ നിർദേശം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടിവരില്ല.