കേരളത്തിലെ പല തുറമുഖങ്ങളിൽ നിന്നും ഗൾഫ് യാത്രാ കപ്പൽ തുടങ്ങുന്നതിനെപ്പറ്റി ചർച്ചകൾ വന്നെങ്കിലും ഇപ്പോൾ ഇത് കൊച്ചി തുറമുഖത്തുനിന്നു മാത്രമേ സാധ്യമാകൂ എന്നാണ് അറിയുന്നത്.
ഗൾഫ് മലയാളികളുടെ യാത്രക്ലേശം എന്നും ഒരു ചർച്ചാവിഷയം തന്നെയാണ്.
ഗൾഫ് യാത്രക്ക് വിമാനക്കൂലി ഒരു വലിയ പ്രശ്‍നം തന്നെയാണ്. അമിതമായ വിമാന യാത്ര കൂലി ഗൾഫ് മലയാളികൾക്ക് പലപ്പോഴും താങ്ങാവുന്നതിലും അപ്പുറമാണ്.
ഇതിനു ഒരു പരിഹാരമായാണ് ഗൾഫിലേക്ക് കേരളത്തിൽ നിന്നും കപ്പൽ മാർഗമുള്ള യാത്രയെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്. പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണു കേരള ഗള്‍ഫ് കപ്പല്‍ യാത്രാ സർവീസ്.
കൊച്ചി, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കല്‍, കൊല്ലം തുറമുഖങ്ങളിലൂടെ ഗള്‍ഫിലേക്ക് പാസഞ്ചർ കപ്പലുകള്‍ സർവീസ് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. പക്ഷെ വലിയ യാത്രാക്കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യം നിലവില്‍ കൊച്ചിയില്‍ മാത്രമേയുള്ളൂ. അന്താരാഷ്ട്ര കപ്പല്‍ സർവീസിന് അനിവാര്യമായ കസ്റ്റംസ്, ഇമിഗ്രേഷൻ സൗകര്യങ്ങളും മറ്റെങ്ങുമില്ല.
പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കപ്പല്‍ സർവീസിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാൻ കേരള മാരിടൈം ബോർഡിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഈ പദ്ധതി നടപ്പായാല്‍ കൊച്ചി തുറമുഖത്തിന്റെ വരുമാനം വളരെയേറെ ഉയരാൻ സാധ്യതയുണ്ട്.