പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസ് അതോറിറ്റി തിങ്കളാഴ്ച റദ്ദാക്കി.
ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ആണ് ഇന്നലെ റദ്ദാക്കിയതായി ലൈസൻസിംഗ് അതോറിറ്റി അറിയിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യം നൽകിയതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിൽ പതഞ്ജലിക്കും മാനേജ്മെന്റിനും എതിരെ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അവരുടെ ഉൽപ്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയ സംഭവം പൊതുജന സമൂഹത്തിൽ വലിയ ചർച്ചകൾക്ക് ഇടം നൽകുന്നുണ്ട്.
സുപ്രീം കോടതിയിൽ നിലവിൽ കേസ് നടക്കുന്ന പ്രൊഡക്ടുകളും ഈ നിരോധനത്തിൽ പെടുന്നു എന്നതും സംഭവങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
പതഞ്ജലിയുടെ ദിവ്യ ഫാർമസിയുടെ ഉൽപ്പന്നങ്ങളായ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വാസരി ഗോൾഡ്, സ്വാസരി വടി, ബ്രോൺ ചോം, സ്വാസരി പ്രവാഹി, സ്വാസരി അവലേക്, മുക്താവടി എക്സ്ട്രാ പവർ, ബിപി ഗ്രിത്ത്, എഗ്രിറ്റ് ഗോൾഡ്, ലീലാമൃത് അഡ്വാൻസ്, ലിവോഗ്രിത്ത്, മധു ഗ്രിത്ത്, ഐഗ്രിത്ത് ഗോൾഡ്, മധു നാശിനി വടി എക്സ്ട്രാ പവർ തുടങ്ങിയ 14 ഉൽപ്പന്നങ്ങളുടെ ആണ് ലൈസൻസ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് എതിരെ ബാബ രാംദേവിനും അദ്ദേഹത്തിന്റെ പതഞ്‌ജലി ആയുർവേദിക്കിനും എതിരെ നടക്കുന്ന കേസിൽ ചൂടുപിടിച്ച വാഗ്‌വാദങ്ങളാണ് ഈ ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്.