ഓരോ ദിവസവും പുതിയ താരത്തിലുള്ള തട്ടിപ്പുകളാണ് കേൾക്കുന്നത്. ഒന്ന് തീരുമ്പോൾ പുതിയവ വീണ്ടും വരുന്നു. ഇപ്പോൾ നടക്കുന്ന ഒരു പുതിയതരം തട്ടിപ്പിനെപ്പറ്റി പറയാം .
നിങ്ങളെ തേടി ഒരു ഫോൺ കാൾ വരുന്നു. വിളിക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ആണ്. നിങ്ങളുടെ പേരിൽ വന്നിരിക്കുന്ന ഒരു പാർസലിൽ മയക്കുമരുന്ന് ഉള്ളതായി കണ്ടെത്തിരിയിരിക്കുന്നു. വിളിക്കുന്ന ആൾ നിങ്ങളുടെ എല്ലാവിധ പേർസണൽ ഡീറ്റൈൽസും നിങ്ങളോടു വിവരിക്കും. കേൾക്കുമ്പോൾ എല്ലാം ശരിയാണെന്നു നിങ്ങൾക്കു തോന്നും.പിന്നീട് കേസ്, അറസ്റ്റ് തുടങ്ങിയ പലരീതിയിലുള്ള പേടിപ്പിയ്ക്കൽ, നിങ്ങൾ ശരിക്കും പെട്ടുപോകും. നിങ്ങൾക്ക് സംശയം തോന്നിയാൽ ഓഫീസർ വീഡിയോ കാൾ ചെയ്യും, തൻ്റെ ഐ ഡി മറ്റു ഡീറ്റെയിൽസ് എല്ലാം നൽകും. എല്ലാം കാണുമ്പോൾ കേൾക്കുമ്പോൾ തീർച്ചയായും നിങ്ങൾ വിശ്വസിച്ചുപോകും.
തുടർന്ന് നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിയ കാര്യങ്ങൾ അവർ തിരക്കും. പേടിമൂലം നിങ്ങൾ എല്ലാം സത്യസന്ധമായി അവർക്കു നൽകും.
സൂക്ഷിക്കുക, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പുതിയ തട്ടിപ്പിന്റെ നടപടിക്രമം ആണ് ഇത്. ഒരു കാരണവശാലും ഇത്തരം കോളുകളിൽ വിശ്വസിക്കരുത്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ എല്ലാം ലഭിച്ചു കഴിയുമ്പോൾ പിന്നീട് ബാങ്ക് കാലിയാകുമ്പോഴേ തട്ടിപ്പു നിങ്ങൾക്ക് മനസിലാകൂ.
ഇത്തരത്തിലുള്ള ഫോൺ വിളികൾ നിങ്ങൾക്ക് വന്നാൽ ഒരിക്കലും പേടിക്കേണ്ടതില്ല. സമചിത്തതയോടെ നേരിടുക. വിലപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ നൽകാതിരിക്കുക എന്നതാണ് ഈ തട്ടിപ്പിനിരയാകാതിരിക്കാനുള്ള ഏക വഴി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടായാൽ ഒട്ടും വൈകാതെ 1930 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ ഒരിക്കലും മറക്കരുത്.