ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് ക്ലെയിം നിയമങ്ങളിൽ പുതിയ നിയമമാറ്റം വരുത്തി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി.
ഇൻഷുറൻസ് കമ്പനികൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ അംഗീകരിക്കുന്നതിന് അനശ്ചിതമായി സമയം നീട്ടികൊണ്ടുപോകുന്നത് തടയാനായി നിയമ ഭേദഗതി വരുത്തിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) .
രോഗിയുടെ ഡിസ്ചാർജ് ലെറ്റർ ഹോസ്പിറ്റൽ നല്കിക്കഴിഞ്ഞാലും ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഉള്ള ക്ലെയിം പാസ് ആയി കിട്ടാത്തതുകൊണ്ടു ഹോസ്പിറ്റലുകൾ രോഗിയെ പോകാൻ അനുവദിക്കാത്തതും ക്ലെയിം ഉറപ്പാകുന്നതുവരെ ചിലപ്പോൾ അടുത്തദിവസം വരെയും പിടിച്ചുനിർത്തുന്നതും ആയുള്ള പരാതികൾ പലപ്പോഴും കേൾക്കാറുണ്ട്. ഇത് വഴി പലപ്പോഴും രോഗികൾക്ക് കൂടുതൽ പണം നല്കേണ്ടിവരുന്നത് തർക്കങ്ങൾക്കും അതുവഴി പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനു പരിഹാരം കാണാനാണ് IRDAI ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്.
ഐആർഡിഎഐയുടെ പുതിയ സർക്കുലർ പ്രകാരം, ഡിസ്ചാർജ് കിട്ടിക്കഴിഞ്ഞാൽ മാക്സിമം 3 മണിക്കൂറിനുള്ളിൽ ക്ലെയിം ക്ലിയർ ചെയ്യേണ്ടതും അതിനു കാലതാമസം വന്നാൽ അധികമായി വരുന്ന ഹോസ്പിറ്റൽ ബിൽ ഇൻഷുറൻസ് കമ്പനി കൊടുക്കാൻ ബാധ്യസ്ഥരാണെന്നും നിർദേശിക്കുന്നു.
- ഇൻഷുറൻസ് ക്ലെയിം അഭ്യർത്ഥന ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ക്യാഷ്‌ലെസ്സ് അംഗീകാരത്തെക്കുറിച്ച് തീരുമാനം അറിയിച്ചിരിക്കണം.
- ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അഭ്യർത്ഥന ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഇൻഷുറർ അന്തിമ അംഗീകാരം ഹോസ്പിറ്റലിന് നൽകിയിരിക്കണം.
- 5 വർഷത്തെ തുടർച്ചയായ കവറേജ് ഉള്ളവർക്ക് മുടന്തൻ ന്യായങ്ങൾ നിരത്തി ക്ലെയിമുകൾ നിരസിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഇനി കഴിയില്ല. വഞ്ചന തെളിയിക്കാൻ കഴിയുമെങ്കിൽ മാത്രമേ അവർക്ക് ക്ലെയിമുകൾ നിരസിക്കാൻ കഴിയൂ.
ആരോഗ്യ ഇൻഷുറൻസ് നിയമങ്ങളിൽ IRDAI നടത്താൻ പോകുന്ന മാറ്റങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.