എടിഎം പിൻവലിക്കൽ ചാർജ്, മിനിമം ബാലൻസ് പിഴ, പലിശനിരക്കുകൾ തുടങ്ങിയ പല ബാങ്കിങ് സേവനങ്ങളും ഏപ്രിൽ ഒന്ന് മുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായാണ് അറിയുന്നത്.
എടിഎം കാർഡുകളുടെ ഇടനില ഫീസ് വർധിപ്പിക്കാൻ റിസേർവ് ബാങ്ക് അനുമതി നല്കിയതുവഴി ഓരോ ബാങ്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന സൗജന്യ പരിധി കഴിഞ്ഞുവരുന്ന ഓരോ ഇടപാടുകൾക്കും 20 മുതൽ 25 രൂപവരെ ചാർജ് ഈടാക്കപ്പെടും.
ബാങ്കുകളിലെ മിനിമം ബാലൻസ് തുക വച്ചില്ലെങ്കിൽ ഈടാക്കിയിരുന്ന പിഴയിലും വർദ്ധനവ് ഉണ്ടാകാനിടയുണ്ട്. എസ്ബിഐ , കാനറാ ബാങ്ക്, പിഎൻബി തുടങ്ങിയ ബാങ്കുകൾ മിനിമം ബാലൻസ് നിയമങ്ങൾ പരിഷ്ക്കരിക്കുകയും പിഴ കൂട്ടാനും തുടങ്ങിയിട്ടുണ്ട്. മറ്റു ബാങ്കുകളും ഈ വഴി സ്വീകരിക്കാനാണ് സാധ്യത. ഗാമീണമേഖലയിലും നഗരപ്രദേശങ്ങളിലും ഈ തുകയിൽ വിത്യാസം ഉണ്ടായിരിക്കും.
പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) പുതുതായി ബാങ്കുകൾ അവതരിപ്പിക്കുകയാണ്. ഇടപാടുകളിലെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്. 5,000 രൂപയ്ക്ക് മുകളിലുള്ള ചെക്ക് പേയ്മെന്റുകൾക്ക് പിപിഎസ് സംവിധാനം ബാധകമാണ്. നിങ്ങൾ മറ്റൊരാൾക്ക് കൊടുക്കുന്ന ചെക്കിന്റെ എല്ലാവിവരങ്ങളും മുൻകൂട്ടി ബാങ്കുകളെ അറിയിക്കണം. അതനുസരിച്ചു മാത്രമേ ക്ലിയറൻസിനു വരുന്ന ചെക്കുകൾ ബാങ്കുകൾ പാസാക്കുകയുള്ളു.
സേവിങ് അക്കൗണ്ടകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ എന്നവയുടെ പലിശനിരക്കിൽ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പലിശനിരക്ക് കുറയാനാണു സാധ്യത എന്നാണ് അറിയുന്നത്.
2025 ഏപ്രിൽ 1 മുതൽ പ്രധാന ബാങ്കിംഗ് നിയമങ്ങളിൽ ഇത്തരത്തിലുള്ള പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കൾ അതനുസരിച്ചു തങ്ങളുടെ ബാങ്കുകളുമായി ബദ്ധപ്പെട്ടു കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കേണ്ടത് ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കും